
ദിലീപ് ചിത്രം ‘ഭഭബ’ യിൽ നിന്നുള്ള ലീക്ക്ഡ് ദൃശ്യങ്ങളെന്ന് പ്രചരിക്കുന്ന വീഡിയോ എ ഐ നിർമ്മിതമെന്ന് സ്ഥിരീകരിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. കസേരയിൽ കെട്ടിയിട്ടിരിക്കുന്ന ദിലീപിനെ രക്ഷിക്കാൻ വരുന്ന മോഹൻലാലിന്റെ എൻട്രി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്.
നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം’. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കൊറിയോഗ്രാഫർ സാൻഡി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.
ഇതിനു മുന്നേ ദൃശ്യം, പാട്രിയറ്റ് തുടങ്ങിയ ചിത്രങ്ങളെ ദൃശ്യങ്ങളും എ ഐ നിർമ്മിതമായി പുറത്തിറങ്ങിയിരുന്നു. മോഹൻലാൽ ദൃശ്യത്തിലെ തന്റെ കഥാപാത്രമായ ജോർജ്ജുകുട്ടിയുടെ ലുക്കിൽ നിൽക്കുന്ന ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ആ ഫോട്ടോകളിൽ മോഹൻലാൽ ധരിച്ചിരുന്ന ഡിസൈനിലുള്ള ഷർട്ടും മുണ്ടും കൃത്രിമമായി അനുകരിച്ചാണ് AI ചിത്രങ്ങൾ ചിലർ നിർമ്മിച്ചിരിക്കുന്നത്. കയ്യിൽ വിലങ്ങ് അണിയിച്ച് ജോർജുകുട്ടിയെ ഒരു ചതുപ്പിനു സമീപത്തായി പോലീസുകാർ നിർത്തിയിരിക്കുന്ന ദൃശ്യമാണ് AI ചിത്രങ്ങളിലുള്ളത്.
മുഖം മറച്ച് പൊടിപടലങ്ങൾക്കു നടുവിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പാട്രിയറ്റിലേതെന്ന് പറഞ്ഞ് പുറത്തിറങ്ങിയിരുന്നത്.’ഒക്ടോബർ 2 ഒന്ന് കത്തിച്ചാലോ’ എന്ന രസകരമായ ചോദ്യത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്. ഇതേ ലുക്കിൽ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സിനിമകൾക്ക് മാത്രമല്ല താരങ്ങൾക്കും എ ഐ വിനയായിരുന്നു, സായി പല്ലവി, പ്രിയങ്ക മോഹൻ, ലിച്ചി തുടങ്ങിയ താരങ്ങളുടെ വൾഗർ ചിത്രങ്ങൾ എ ഐ നിർമ്മിതമായി പുറത്തിറങ്ങിയിരുന്നു. പിന്നാലെ തന്നെ ചിത്രങ്ങൾ എ ഐ നിർമ്മിതമാണെന്നും ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് താരങ്ങൾ രംഗത്തെത്തുകയും ചെയ്തു.