നിവിൻ പോളിക്കെതിരെ വ്യാജ പരാതി, നിർമാതാവ് ഷംനാസിന് കുരുക്ക്; ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി

','

' ); } ?>

നടന്‍ നിവിന്‍ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ നടപടിയെടുത്ത് കോടതി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാക്കുറ്റമാണ് വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചുമത്തിയിരിക്കുന്നത്. കോടതിയില്‍ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിനും, വിവരങ്ങള്‍ മറച്ചുവെച്ചതിനും പിഎസ് ഷംനാസിനെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ സത്യം അറിയിക്കേണ്ട പി.എസ്. ഷംനാസ് മനഃപൂര്‍വ്വം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും വൈക്കം മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി.

നിവിന്‍ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി. സുകേഷ് റോയിയും മീര മേനോനുമാണ് ഹാജരായത്. കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. നീതിക്കായി പ്രൊസിക്യൂഷന്‍ നടപടി അനിവാര്യമാണെന്നും ഷംനാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും നിരീക്ഷണമുണ്ട്.

വഞ്ചനയിലൂടെ തന്നിൽ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. കേസിൽ നിവിൻ പോളി ഒന്നാം പ്രതിയും എബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്. എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ മഹാവീര്യർ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു ഷംനാസ്. മഹാവീര്യർ സിനിമയുടെ നിർമാണത്തിൽ 95 ലക്ഷത്തിലേറെ രൂപ തനിക്ക് നഷ്ടമുണ്ടായെന്നാണ് ഷംനാസിൻ്റെ അവകാശവാദം. ഈ നഷ്‌ടം അടുത്ത സിനിമയിൽ നികത്താമെന്നും അടുത്ത ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാക്കാമെന്ന് വാഗ്‌ദാനവും നൽകിയതായി ഷംനാസിൻ്റെ പരാതിയിലുണ്ട്. ഇതിന്റെ പേരിൽ 1.90 കോടി രൂപ തന്നിൽ നിന്ന് കൈപ്പറ്റിയെന്ന് ഷംനാസ് ആരോപിക്കുന്നു. 2023 മാർച്ചിൽ നിർമാണ കരാറിൽ മൂവരും ഏർപ്പെട്ടു. ഇതിന് പിന്നാലെ ഉടലെടുത്ത തർക്കമാണ് കേസുകളിൽ എത്തി നൽക്കുന്നത്.