മാനേജരെ മർദ്ദിച്ച സംഭവം; ഉണ്ണി മുകുന്ദന് സമന്‍സയച്ച് കോടതി

','

' ); } ?>

മുൻ മാനേജരെ മർദ്ദിച്ച സംഭവത്തിൽ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സയച്ച് കോടതി. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ 27-ന് ഹാജരാവണമെന്നാണ് കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം.

ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി ഈ മെയ് 31ന് എറണാകുളം ജില്ല കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരായി ഉണ്ണി മുകുന്ദന്‍ ജാമ്യം എടുക്കണം. സ്വഭാവിക നടപടിക്രമം മാത്രമാണിത്.

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപണം ഉയർത്തിയിരുന്നു. മർദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് നിലവിൽ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് ചുമത്തി കേസെടുത്തിരിക്കുന്നത്.

വിപിൻ കുമാറും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നത്തില്‍ താരസംഘടനയായ ‘അമ്മ’യും ഫെഫ്കയുമടക്കമുള്ള സംഘടനകളും ഇടപെട്ടിരുന്നു. എന്നാല്‍ പരാതി ഉണ്ണി മുകുന്ദന്‍ നിഷേധിച്ചിരുന്നു.വിപിന്‍കുമാറിന്‍റെ കൂളിങ് ഗ്ലാസ് എറിഞ്ഞുപൊട്ടിച്ചുവെന്നല്ലാതെ മര്‍ദിച്ചിട്ടില്ലെന്നും അതിന് തന്‍റെ കൂടെയുള്ളവര്‍ സാക്ഷിയാണെന്നും ഉണ്ണി മുകുന്ദന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.