
‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന നടത്തിയെന്ന പരാതിയിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് നിവിൻ പോളി. ഇപ്പോൾ നടക്കുന്നത് കോടതി അലക്ഷ്യമാണെന്നും, വേണ്ട നടപടികൾ സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഈ സംഭവം. അത് കൊണ്ട് തന്നെ
വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി ഉത്തരവും (ഗാഗ് ഓര്‍ഡര്‍) ഉണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാത്രവുമല്ല ഈ കേസ് കോടതി നിര്‍ദേശങ്ങളെ ബഹുമാനിക്കാതെയും മാധ്യസ്ഥതയെക്കുറിച്ചുള്ള കാര്യം ഒളിപ്പിച്ചും വസ്തുതകളെ വളച്ചൊടിച്ചും ഉണ്ടാക്കിയെടുത്തതാണ്. ഇതിനെതിരെ വേണ്ട നിയമ നടപടി ഞങ്ങള്‍ സ്വീകരിക്കും. സത്യം ജയിക്കും. നന്ദി”.
നിവിന്‍ പോളി കുറിച്ചു.
‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന നടത്തിയെന്ന സഹനിർമ്മാതാവ് പി എസ് ഷംനാസിന്റെ പരാതിയിലാണ് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ കേസെടുത്തിരുന്നത്. തലയോലപ്പറമ്പ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി
എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആക്ഷൻ ഹീറോ ബിജു 2-ന്റെ അവകാശം നൽകി ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
എന്നാൽ ഇത് മറച്ചുവെച്ച് മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നും, നിവിൻ പോളിയുടെ ‘പോളി ജൂനിയർ ‘ എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരിൽ മുൻകൂറായി കൈപ്പറ്റിയെന്നുമാണ് സഹ നിർമ്മാതാവ് ഷംനാസ് പറയുന്നത്.
ഇതിലൂടെ ഷംനാസിന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും എഫ്ഐആറിൽ ചൂണ്ടി കാണിക്കുന്നുണ്ട്.