എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. സിന്ധുരാജ് – ലാല്‍ജോസ് കൂട്ടുകെട്ടിലിറങ്ങിയ തട്ടും പുറത്ത് അച്യുതന്റെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. കുഞ്ചാക്കോ ബോബനെവെച്ചുള്ള തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് ലാല്‍ജോസ്-സിന്ദുരാജ് കൂട്ടുകെട്ടിന്റെ തട്ടുംപുറത്ത് അച്യുതന്‍. എന്നാല്‍ പഴയ രണ്ട് ചിത്രങ്ങളുടെ അത്ര നിലവാരത്തിലേക്കുയരാന്‍ തട്ടും പുറത്ത് അച്യുതനായിട്ടില്ല.
കുഞ്ഞൂട്ടന്‍ എന്ന കൊച്ചുകുട്ടി കാണുന്ന സ്വപ്‌നങ്ങളും അച്യുതന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ അത് യാഥാര്‍ത്ഥ്യമാകുന്നതും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രളയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ് തുടങ്ങിയെങ്കിലും പിന്നെ അതെല്ലാം വിട്ട് കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും കഥ പറഞ്ഞ് ഫലിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ആദ്യ പകുതിയില്‍ കാണാനായത്. അച്യുതന്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി വരച്ച് കാട്ടാനായില്ല എന്ന് മാത്രമല്ല പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള വൈകാരിക മുഹൂര്‍ത്തങ്ങളുണ്ടാക്കുന്നതിലും അച്യുതന്‍ പിറകിലാണ്.
ഭണ്ഢാരം തുറക്കുന്നതിനിടയില്‍ ഒരു പ്രാര്‍ത്ഥനാ പരാതി അച്യുതന് കിട്ടുന്നതോടെയാണ് കഥയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഭഗവാന് പകരം അച്യുതന്‍ ആ കേസ് ഏറ്റെടുക്കുന്നു. അച്യുതന്‍ തട്ടും പുറത്ത് കയറുന്നു. ഇതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് സിനിമ. ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥ പോകുന്ന വഴിയേതാണെന്ന് പ്രേക്ഷകന് മുന്നേ മനസ്സിലാകുന്നത് തൊട്ട് തന്നെ തിരക്കഥയുടെ ഭംഗി നഷ്ടമാകുന്നു. പുട്ടിന് തേങ്ങയിടുന്ന പോലുള്ള കുഞ്ഞൂട്ടന്റെ നിഷ്‌കളങ്ക സ്വപ്‌നങ്ങളാണ് കഥയെ കൂട്ടിയിണക്കാനുള്ള തിരക്കഥാകൃത്തിന്റെ കയ്യിലെ ഏക ആയുധം.
പൊതുവേ ഇഴച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് പലപ്പോഴും ജീവന്‍ നല്‍കിയത് ഹരീഷ് കണാരന്റെ സാന്നിധ്യമാണ്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചു പ്രേമന്‍, സീമാ ജി നായര്‍, താര കല്യാണ്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരെല്ലാം തന്നെ അവരവരുടെ റോളുകള്‍ ഭംഗിയാക്കി. പുതുമുഖ താരമായ ശ്രവണയെ നായകന്‍ അച്യുതന്‍ തട്ടുംപുറത്ത് നിന്ന് കാണുന്നത് കൊണ്ടാവണം അഭിനയ സാധ്യത അടയാളപ്പെടുത്താന്‍ മാത്രം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതേസമയം റിയാലിറ്റി ഷോയിലൂടെ ലാല്‍ ജോസ് കണ്ടെത്തിയ ഡാന്‍സര്‍ നന്നായിട്ടുണ്ട്.
ലാല്‍ജോസ് ചിത്രങ്ങളുടെ ഹൈലൈറ്റായ പാട്ടുകളും ദൃശ്യങ്ങളും തട്ടുംപുറത്ത് അച്യുതനിലും മികച്ച് നില്‍ക്കുന്നുണ്ട്. അതേ സമയം പാട്ടെന്ന പൊടിക്കൈ ഇല്ലാതെ തിരക്കഥ മുന്നോട്ട് പോകില്ലെന്ന തോന്നലും അനുഭവപ്പെട്ടു. ദീപാങ്കുരന്റെ സംഗീതവും പശ്ചാത്തല സംഗീതവും വളരെ മനോഹരമായിട്ടുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ ഇതിനിടെ തന്നെ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. അനില്‍ പനച്ചൂരാനും, ബി.ആര്‍ പ്രസാദുമാണ് വരികള്‍. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങും നന്നായിട്ടുണ്ട്. ദൃശ്യഭംഗിയും, പാട്ടുകളുമെല്ലാമായി ശരാശരി കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് തട്ടുംപുറത്ത് അച്യുതന്‍.