ലൂസിഫറിലെ ‘ഹൈ പ്രൊഫൈല്‍ അതിഥി’!!…മറുപടിയുമായ് മുരളി ഗോപി

മോഹന്‍ലാലിലെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മുരളിഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് നിരന്തരമായ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുരളി ഗോപി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നുവെന്ന ഒരു പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. അത്തരത്തിലുണ്ടായ പ്രചരണത്തെ തള്ളിക്കളയുകയാണ് മുരളി ഗോപി. ഒരു സിനിമയുടെ കാഴ്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം ഹൈപ്പെന്നും മുരളിഗോപി പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്..

പ്രിയ സുഹൃത്തുക്കളെ,

‘ലൂസിഫര്‍’ എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പരത്തുന്ന ചില ഓണ്‍ലൈന്‍ മാധ്യമ ‘വാര്‍ത്തകള്‍’ (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ‘കണ്ടെത്തല്‍’. ഈ ‘കണ്ടുപിടിത്തം’ ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു. ഇത്തരം ‘വാര്‍ത്ത’കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത്. ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത്തരം കുന്നായ്മകള്‍ പടച്ചിറക്കുന്നതും. സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ‘വാര്‍ത്തകള്‍’ ഷെയര്‍ ചെയ്യാതെയുമിരിക്കുക.

സസ്‌നേഹം,
മുരളി ഗോപി