സ്‌കൂള്‍ പ്രണയത്തെ ആസ്പദമാക്കിയൊരുക്കിയ ഒരുപാട് ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. എന്നാല്‍ അവതരണ ശൈലികൊണ്ടും കുമ്പളങ്ങി താരം മാത്യുവിന്റെയും വിനീത് ശ്രീനിവാസന്റെയും ഒരു പിടി പുതുമുഖ താരങ്ങളുടേയും മിന്നുന്ന പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സ് നിറക്കുകയാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം. കൗമാരത്തിന്റെയും സ്‌കൂള്‍ ജീവിതത്തിന്റെയും ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നതിനൊപ്പം പ്രേക്ഷകരുടെ ഹൃദയത്തില്‍ ”ഈ ജാതിക്കാ തോട്ടം…’ എന്ന ഗാനത്തിന്റെ വരികള്‍ കൂടി അടയാളപ്പെടുത്തിയാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എത്ര ചിത്രം പ്രേക്ഷകനെ തിയേറ്ററില്‍ നിന്ന് പറഞ്ഞയക്കുന്നത്.
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കാലഘട്ടമാണ് എല്ലാവരുടെയും കൗമാര ആരംഭ ഘട്ടം. ജെയ്‌സണ്‍ എന്ന വിരുതനായ സിബിഎസ്ഇക്കാരനും അങ്ങനെത്തന്നെയാണ്. തന്റെ വിദ്യഭ്യാസ കാലഘട്ടത്തിലെ അത്തരം ഒരു വഴിത്തിരിവായ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ജെയ്‌സണ്‍ ആദ്യമായി ജീവിതത്തില്‍ മറക്കാനാവാത്ത, താന്‍ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകുകയാണ്. ഒപ്പം ക്ലാസ്സിലുള്ള വിദ്യാര്‍ത്ഥി കീര്‍ത്തിയോടുള്ള തന്റെ നിഷ്‌ക്കളങ്കമായ ഇഷ്ടവും, പുതിയതായി വന്ന അധ്യാപകന്‍ രവി പത്മനാഭന്റെ വില്ലത്തരങ്ങളും ജെയ്‌സണ്‍ന്റെ ജീവിതത്തെ മാറ്റി മറിക്കുകയാണ്.
ഗിരീഷ് എ ഡി എന്ന പ്രതിഭയുടെ സംവിധായക മികവ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. പ്രേക്ഷകന് പ്രവചിക്കാന്‍ കഴിയുന്ന ഒരു കഥയായിട്ട് കൂടി വളരെ ന്യാച്ചുറലായി, ഒരു സിനിമയുടെ എല്ലാ വശങ്ങളും വളരെ ഒത്തൊരുമയോട് കൂടി കോര്‍ത്തിണക്കി, കാഴ്ച്ചക്കാരനെ ചിത്രത്തിലേക്ക് പിടിച്ചിരുത്തുകയായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ഒപ്പം ചിത്രത്തിലെ മികവുറ്റ കാസ്റ്റും ചിത്രത്തിന് ഹരം പകര്‍ന്നു.
ഒരിടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഒരു ഗംഭീര തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. ഒപ്പം എടുത്ത് പറയേണ്ടത് ചിത്രത്തിലെ മറ്റു പുതുമുഖങ്ങളുടെ അഭിനയമാണ്. മാത്യുവിനോടൊപ്പം ചിത്രത്തിലെത്തിയ അനശ്വരയുടെയും സമപ്രായക്കാരായ മറ്റ് യുവതാരങ്ങളുടേയും അഭിനയവും ഒപ്പത്തിനൊപ്പം നിന്നു. ചിത്രത്തിലുടനീളം നിന്ന സംഗീതാത്മഗമായ രംഗങ്ങളും പ്രേക്ഷകനെ കയ്യിലെടുക്കാന്‍ ഏറെ സഹായിച്ചു.
വിനോദ് ഇല്ലംപള്ളി, ജോമോന്‍ ടി ജോണ്‍ എന്നീ കഴിവുറ്റ ഛായാഗ്രാഹകരുടെ സാന്നിധ്യം ചിത്രത്തിന് ഭംഗിയാര്‍ന്ന ഫ്രെയ്മുകള്‍ സമ്മാനിച്ചു.
ഷമീര്‍ മുഹമ്മദിന്റെ നാച്ച്യുറലായി തോന്നിപ്പിക്കുന്ന ചിത്രസംയോജനവും ചിത്രത്തിന്റെ ജീവന്‍ നിലനിര്‍ത്തിയ ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും
ചിത്രത്തെ ഒരു കംപ്ലീറ്റ് പാക്കേജായി പ്രേക്ഷകന് മുമ്പില്‍ അവതരിപ്പിക്കാന്‍ സഹായിച്ചു.
ജീവിതത്തില്‍ പല നിര്‍ണായക തീരുമാനങ്ങളും വഴിത്തിരിവുകളും എല്ലാവര്‍ക്കുമുണ്ടാവുന്ന ഒരു മനോഹരമായ കാലഘട്ടമാണ് കൗമാരം. നമ്മുടെ തീരുമാനങ്ങള്‍ക്ക് ഒരിക്കലും നമ്മള്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്ത ഒരു കാലഘട്ടം കൂടിയാണത്. ജീവിതത്തില്‍ അത്തരം ഒരു ഓര്‍മ്മപ്പെടുത്തല്‍ ആവശ്യമായെന്ന് തോന്നിയാലും ഇല്ലെങ്കിലും ജീവിതത്തില്‍ കുറച്ച് നല്ല നിമിഷങ്ങള്‍ അനുഭവിക്കാനായി ആ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലേയ്ക്ക് നമുക്ക് പോകാം….