“എരിതീയിൽ എണ്ണ പകർന്നതിന് നന്ദി”: കഞ്ചാവ് കേസ് അറസ്റ്റിന് പിന്നാലെ സഹോദരന് പിന്തുണയുമായി ജിംഷി ഖാലിദ്

','

' ); } ?>

ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന്റെ പേരിൽ അറസ്റ്റിലായ സംവിധായകൻ ഖാലിദ് റഹ്മാന്റെ പിന്തുണയ്ക്കായി സഹോദരനും പ്രശസ്ത ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് രംഗത്ത്. ഖാലിദിനൊപ്പം ഉള്ള ചിത്രം ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച ജിംഷി, “എരിതീയിൽ എണ്ണ പകർന്നതിന് നന്ദി. ഇനി ഈ ചെറുകനൽ ആളിപ്പടരാൻ പോകുന്നു” എന്നാണ് കുറിച്ചത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ ഗായകൻ വേടന്റെ “എല്ലാരും കല്ലെറിഞ്ഞേ…” എന്ന പാട്ടിനൊപ്പമായിരുന്നു ജിംഷിയുടെ പോസ്റ്റ്. നടൻ നസ്ലൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി തുടങ്ങിയവർ കമന്റിലൂടെ ജിംഷിയെ പിന്തുണച്ചു. എന്നാൽ ചിലരും കടുത്ത വിമർശനവുമായി രംഗത്തെത്തി.

“ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നോർമലൈസ് ചെയ്ത് നാട്ടിലെ യുവാക്കളെ തകർക്കരുത്” എന്ന കമന്റിന്, “എവറസ്റ്റ് ബേസ് ക്യാമ്പ് വരെ ട്രക്ക് ചെയ്യുന്ന ധൈര്യമുള്ള ഒരാളോട് എനിക്ക് അങ്ങനെ പറയാൻ കഴിയില്ല” എന്നായിരുന്നു ജിംഷിയുടെ പ്രതികരണം. കൊച്ചിയിലെ ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റിൽ വച്ച് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് ഖാലിദ് റഹ്മാനും സംവിധായകൻ അഷ്റഫ് ഹംസയും എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത് . കൂട്ടായി ഒരു സുഹൃത്തും പിടിയിലായിരുന്നു. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ഖാലിദ് റഹ്മാന്റെ അവസാന ചിത്രം ‘ആലപ്പുഴ ജിംഖാന’യിലായിരുന്നു നസ്ലൻ നായകനായി എത്തിയത്. കഴിഞ്ഞ ദിവസമാണ് സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടിയിലാകുന്നത്. പിടിയിലായ കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട് . സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് ലഹരി ഉപയോ​ഗിച്ചതെന്നും സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സമീറിന് നോട്ടീസ് അയക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേര്‍ പിടിയിലായത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്‌സൈസ് അറിയിച്ചു. ഇവർക്ക് കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകും.