
തന്റെ പുതിയ ചിത്രം ‘ഹൃദയപൂര്‍വ്വ’ത്തിന് ലഭിക്കുന്ന സ്വീകരണത്തില്‍ നന്ദി അറിയിച്ച് നടൻ മോഹൻലാൽ. ചിത്രം പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ചുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘പ്രിയപ്പെട്ട പ്രേക്ഷകര്‍ ഹൃദയംകൊണ്ട് ഹൃദയപൂര്‍വ്വം സ്വീകരിച്ചു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഞാനിപ്പോള്‍ യുഎസിലാണ്, ഇവിടേയും നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരു സിനിമയെ രണ്ടുകൈയുംനീട്ടി സ്വീകരിച്ചു, ഒരുപാട് സന്തോഷം. അത് വിജയിച്ച ചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ നന്ദി”. മോഹൻലാൽ പറഞ്ഞു.
ഓണറിലീസായാണ് സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ തീയേറ്ററിലെത്തിയത്. വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് തീയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഓണക്കാലത്ത് ചിരിച്ചാസ്വദിക്കാന്‍ കഴിയുന്ന ചിത്രമെന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ ഏറേയും. മിക്കവാറും തീയേറ്ററുകളിലെല്ലാം ചിത്രം നിറഞ്ഞ സദസ്സുകള്‍ക്കുമുന്നിലാണ് പ്രദര്‍ശനം തുടരുന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഹൃദയപൂര്‍വ്വ’ത്തിനുണ്ട്.