മതവികാരം വ്രണപ്പെടുത്തുന്നുവെന്ന എന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് ആമസോണ്‍ പ്രൈമിലെ താണ്ഡവ് സീരീസിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും. സീരീസിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫറാണ് തന്റെ ട്വിറ്ററിലൂടെയാണ് ക്ഷമ പറഞ്ഞുകൊണ്ടുളളു കുറിപ്പ് പങ്കുവെച്ചത്. സീരീസുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും കേസുമാണ് മാപ്പ് പറയാന്‍ കാരണം. താണ്ഡവ് എന്നുള്ളത് സാങ്കല്‍പ്പികമായ ഒരു കലാ സൃഷ്ടി മാത്രമാണ്. സീരീസിന്റെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ മനപൂര്‍വ്വം ഒരു മതത്തേയോ, വിശ്വാസങ്ങളെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ട്വീറ്റില്‍ പറയുന്നത്.
വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയവുമായുള്ള ചര്‍ച്ചക്ക് മുന്നേ സീരീസില്‍ പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. സീരീസുമായി ബന്ധപ്പെട്ട് നിരവധി പ്രേക്ഷകര്‍ക്ക് പ്രശ്നങ്ങളുണ്ടായി, നിരവധി പരാതികള്‍ സീരീസിന്റെ പേരില്‍ ലഭിച്ചു എന്ന് വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്നും കുറിപ്പില്‍ പറയുന്നു.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹിന്ദു മത വിശ്വാസത്തെ വൃണപ്പെടുത്തുന്നുവെന്നും ആരോപിച്ച് താണ്ഡവിനെതിരെ ബിജെപി കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈം പുതിയ വെബ് സീരീസ് ആയ താണ്ഡവ് പുറത്തുവിട്ടത്. തുടര്‍ന്ന് സീരിസിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ബിജെപി എംപി മനോജ് കൊട്ടക്ക് ഉള്‍പ്പടെ നിരവധിപേര്‍ സീരിസിനെതിരെ പരസ്യമായി വിമര്‍ശിച്ചിരുന്നു.നടന്‍ സെയ്ഫ് അലി ഖാന്‍, സംവിധായകന്‍ അലി അബ്ബാസ് സഫര്‍ എന്നിവര്‍ക്കെതിരെ ചണ്ഡീഗഡ് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.