തെലുങ്കാന സർക്കാരിന്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് നേടിയതിനു പിന്നാലെ പുരസ്‌ക്കാരത്തിന് നന്ദി അറിയിച്ച് നടൻ ദുൽഖർ സൽമാൻ. അവാർഡ് ദാന ചടങ്ങിൽ ദുൽഖറിന് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം അവാർഡ് സ്വന്തമാക്കിയതിലുള്ള സന്തോഷവും നന്ദിയും അഭിമാനവും രേഖപ്പെടുത്തിയത്.
“ബഹുമാനപ്പെട്ട തെലുങ്കാന മുഖ്യമന്ത്രിക്കും, തെലങ്കാന സർക്കാരിനും, ബഹുമാനപ്പെട്ട ജൂറിക്കും, സഹനടന്മാർക്കും, സാങ്കേതിക വിദഗ്ധർക്കും, ഓരോ സിനിമയിലെയും ക്രൂവിനും, എല്ലാറ്റിനുമുപരി ലോകമെമ്പാടുമുള്ള തെലുങ്ക് പ്രേക്ഷകർക്കും നന്ദി. നിർഭാഗ്യവശാൽ തനിക്ക് പുരസ്കാര ദാന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിന്റെ ഭാഗമാകാൻ കഴിയാത്തത് വലിയ നഷ്ടം തന്നെയാണ്. ദുൽഖർ പറഞ്ഞു.
മാത്രമല്ല അവിശ്വസനീയമാംവിധം നന്നായി ആസൂത്രണം ചെയ്തതും സംഘടിതവുമായ ഒരു പരിപാടിയായിരുന്നു അതെന്ന് താൻ കേട്ടറിഞ്ഞു. അങ്ങനെ അത് സംഘടിപ്പിച്ചതിന് സർക്കാരിന് വീണ്ടും ഒരു വലിയ കൈയ്യടി. തെലുങ്ക് സിനിമയിലെ എന്റെ യാത്ര അസാധാരണമാണ്. കാലാതീതമായ കഥകൾ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ തെലുങ്ക് സിനിമയിൽ നിന്ന് കണ്ടെത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് മികച്ച വേഷങ്ങൾ ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചതിനൊപ്പം ഞാൻ ഭാഗമായ ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുന്നതും, മിക്കവാറും എല്ലാ ചിത്രങ്ങളും അവ റിലീസ് ചെയ്ത വർഷങ്ങളിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടുന്നതും എനിക്ക് വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത ഒരു വികാരമാണ് സമ്മാനിക്കുന്നത്. പിന്നെ നാഗ് അശ്വിൻ, സ്വപ്ന, പ്രിയങ്ക, ഹനു സർ, വെങ്കി എന്നിവരെല്ലാം എന്റെ അഭാവത്തിൽ എന്റെ അവാർഡ് സ്വീകരിച്ചത് കാവ്യാത്മകമാണെന്ന് ഞാൻ കരുതുന്നു. കാരണം ഇവർ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
ദുൽഖർ കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ മലയാളി താരം ദുൽഖർ
സൽമാൻ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് പ്രഖ്യാപിച്ചത്. 2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയർത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.