മുണ്ടയ്ക്കൽ ശേഖരൻ ഇനി ഹോളിവുഡിലേക്ക്..

”വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ…!” മോഹൻ ലാൽ എന്ന പ്രേക്ഷകരുടെ പ്രിയ നടന്റെ ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു കഥാപാത്രമാണ് ‘ദേവാസുരം’ എന്ന ചിത്രത്തിലെ വില്ലനായ മുണ്ടക്കല്‍ ശേഖരന്‍. എന്നാൽ മോഹൻലാലിന്റെ ശക്തനായ ആ പ്രതിനായകന്റെ കളികൾ ഇനി ഹോളിവുഡിലാണ്. ദേവാസുരം എന്ന സിനിമയിലെ ആ അതുല്യ കഥാപാത്രത്തിന് ജീവൻ നൽകിയ നെപ്പോളിയൻ ഇനി ഹോളിവുഡിൽ നായക വേഷത്തിലെത്താനൊരുങ്ങുകയാണ്.

നൂറോളം തെന്നിന്ത്യൻ ചിത്രങ്ങളിൽ ഭാഗമായിട്ടുള്ള നടൻ ഇപ്പോൾ ഹോളിവുഡ് കേന്ദ്രീകരിച്ച് യു.എസിലാണ്. ഡെവിൾസ് നൈറ്റ് എന്ന ത്രില്ലർ ചിത്രമായിരുന്നു നെപ്പോളിയന്റെ ഹോളിവുഡ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇതിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ക്രിസ്മസ് കൂപ്പൺ എന്ന പുതിയ ചിത്രത്തിലാണ് താരം നായകവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ടെൽ കെ ഗണേശൻ വഴിയാണ് ഈ നായകവേഷം നെപ്പോളിയന് ലഭിക്കുന്നത്. ഡാനിയൽ നൂഡ്‌സെൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഹോക്കി ഏജന്റ് ആയാണ് നടനെത്തുന്നത്.

വില്ലനായി സിനിമയിലെത്തി, ഇന്ന് ഹോളിവുഡിൽ നായകനാകാൻ ഒരുങ്ങുമ്പോൾ ദീർഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് നടൻ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.