
മലയാള ചിത്രം ‘എക്കോ’യെ പ്രശംസിച്ച് തമിഴ് നടൻ ധനുഷ്. ചിത്രം ലോകനിലവാരത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചതെന്നും, ഒരു മാസ്റ്റർപീസാണ് ചിത്രമെന്നും ധനുഷ് കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജായ എക്സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഒരു മാസ്റ്റർപീസ് ആണ് എക്കോ. നടി ബയാന മോമിൻ അഭിനയത്തിനുള്ള എല്ലാം അംഗീകാരങ്ങളും അർഹിക്കുന്നു. ലോകനിലവാരത്തിലുള്ള പ്രകടനം.” ധനുഷ് കുറിച്ചു.
നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 31 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും പ്രേക്ഷകപ്രശംസ നേടിയ ഒന്നായിരുന്നു എക്കോ. നവംബര്‍ 21 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്
പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ദിൻജിത്ത് അയ്യത്താനാണ് സംവിധാനം ചെയ്തത്. വലിയ വിജയമായ ‘കിഷ്കിന്ധാ കാണ്ഡ’ത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ഇത്. കിഷ്കിന്ധാ കാണ്ഡം’, ‘കേരളാ ക്രൈം ഫയൽസ് സീസൺ 2’ എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആയിരുന്നു നായകൻ.
‘കിഷ്കിന്ധാ കാണ്ഡം’, ‘കേരളാ ക്രൈം ഫയൽസ് സീസൺ 2’ എന്നിവയ്ക്ക് ശേഷം മൂന്നു ഭാഗങ്ങൾ ഉള്ള അനിമൽ ട്രിലോജിയിലെ അവസാന ഭാഗമായിരുന്നു എക്കോ. പരസ്‌പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ കഥകളാണ് ട്രിലോജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുണ്ട്.
വിനീത്, നരെയ്ന്‍, ബിനു പപ്പു, സൗരഭ് സച്ച്ദേവ, ബിയാന മോമിന് തുടങ്ങി ശ്രദ്ധേയ കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്. ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന് സംഗീതം പകര്‍ന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീത സംവിധായകന്‍.