
നിശ്ചയിച്ച തീയതിക്കും മുൻപ് ഒടിടിയിൽ റിലീസ് ചെയ്ത് മണിരത്നം-കമൽഹാസൻ ചിത്രം “തഗ് ലൈഫ്”. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും.
തിയേറ്ററിൽ ഫ്ലോപ്പ് ആയ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്ന സമയത്ത് ചിലപ്പോള്‍ പ്രേക്ഷകരില്‍ നിന്നും സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരു മിറാക്കിൾ തഗ് ലൈഫിന്റെ കാര്യത്തിൽ സംഭവിക്കുമോ എന്ന കാത്തിരിപ്പിലാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകരും, പ്രേക്ഷകരും.
വൻ ഹൈപ്പിൽ എത്തിയ ചിത്രം മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാന്‍ ചിത്രത്തിനായിരുന്നില്ല.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്നവും കമൽ ഹാസനും വീണ്ടും ഒന്നിക്കുന്നുവെന്നത് കൊണ്ട് തന്നെ ചിത്രത്തിൻറെ പ്രഖ്യാപനം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനു മുന്നേ ഇരുവരുമൊന്നിച്ച “നായകൻ” വൻ വിജയമായിരുന്നു. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. കമൽഹാസന്റെ കന്നഡ ഭാഷ വിരുദ്ധ പ്രസംഗം മൂലം കർണാടകയിൽ ചിത്രത്തിന്റെ പ്രദർശനം വിലക്കിയതും ചിത്രത്തിന് വലിയ തിരിച്ചടിയായിരുന്നു. ചിത്രത്തിലെ തൃഷയുടെ പ്രകടനത്തിനും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിട്ടുണ്ടായിരുന്നു. എന്നാൽ ചിത്രത്തിലെ ചിമ്പുവിന്റെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ചിത്രത്തിൻറെ പരാജയത്തിന് പിന്നാലെ മണിരത്നം മാപ്പു പറഞ്ഞ് കൊണ്ട് രംഗത്ത് വരികയുണ്ടായി. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.