ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വലിയ തെറ്റ് തന്നെയാണ് ചെയ്യുന്നത്;സ്വരാ ഭാസ്‌കര്‍

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയെതിനെ വിമര്‍ശിച്ച് ബോളിവുഡ് താരം സ്വരാ ഭാസ്‌കര്‍.ഇന്ത്യന്‍ വലതുപക്ഷം ഇസ്രാേലിനൊപ്പമാണെങ്കില്‍ തീര്‍ച്ചയായും അവര്‍ തെറ്റുകാരാണെന്ന് സ്വര ട്വീറ്റ് ചെയ്തിരുക്കുന്നത്.

‘പ്രിയപ്പെട്ട ഇസ്രായേല്‍. ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വലിയ തെറ്റ് തന്നെയാണ് ചെയ്യുന്നത് എന്നാണ് താരത്തിന്റെ ട്വിറ്റിന്റെ പൂര്‍ണ്ണരൂപം.

ഇതേ തുടര്‍ന്ന് സ്വരയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.ബോളിവുഡ് താരങ്ങളും കഴുകന്‍മാരായ മാധ്യമ പ്രവര്‍ത്തകരും ഇസ്രായേലിനെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അവര്‍ ശരി തന്നെയാണെന്ന് ചിലര്‍ പറയുന്നു. അതോടൊപ്പം ഇസ്രായേലിലെ മലയാളി നഴ്സിന്റെ മരണത്തെ ചൂണ്ടിക്കാട്ടിയും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ ഇസ്രായേലില്‍ മരണപ്പെട്ടിട്ടും നിങ്ങള്‍ പ്രതികരിക്കുന്നില്ലല്ലോ എന്നാണ് അവരുടെ ചോദ്യം.

കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിവരുകയാണ്. ആക്രമണത്തില്‍ 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന്‍ പൗരര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കും വ്യോമാക്രമണം നടക്കുന്നുണ്ട്. ഇതിനിടെ കിഴക്കന്‍ ജറുസലേമില്‍ പാലസ്തീന്‍ പ്രക്ഷോഭകരും ഇസ്രായേല്‍ പൊലീസുമായുള്ള സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വെസ്റ്റ് ബാങ്കിലും ജറുസലേമിലുമായി 704 പാലസ്തീന്‍ ജനങ്ങള്‍ക്ക് പരിക്കേറ്റു. റബ്ബര്‍ ബുള്ളറ്റുകള്‍, സ്റ്റണ്‍ ഗ്രനേഡുകള്‍, ടിയര്‍ ഗ്യാസുകള്‍ എന്നിവ ഉപയോഗിച്ചാണ് പ്രക്ഷോഭകരെ പൊലീസ് ആക്രമിക്കുന്നത്. പൊലീസ് നടപടികളില്‍ ഇസ്രായേലിനെതിരെ ഇതിനകം ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജറായിലേക്ക് ഇസ്രായേലില്‍ നിന്നും ജൂത കുടിയേറ്റം നടത്തുകയും പാലസ്തീന്‍ കുടുംബങ്ങളെ പുറത്താക്കുന്നതിനുമെതിരെയാണ് നിലവില്‍ പ്രക്ഷോഭം നടക്കുന്നത്. 1967 ലെ യുദ്ധത്തിനുശേഷം കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തിയതു മുതല്‍ ഇസ്രായേല്‍ ശൈഖ് ജറായില്‍ സെറ്റില്‍മെന്റ് അവകാശം ഉന്നയിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ശൈഖ് ജറാ ജൂതരുടെ കൈവശമുള്ള മേഖലയായിരുന്നെന്നാണ് ഇസ്രായേല്‍ വാദം. നിലവില്‍ പാലസ്തീന്‍ വിഭാഗക്കാരാണ് മേഖലയില്‍ കൂടുതലും.