
കഴിഞ്ഞദിവസമാണ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നു. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുശാന്ത് കൊല്ലപ്പെട്ടതാണെന്നും സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികമായ കണ്ടെത്തല്‍. കഴിഞ്ഞ ആറ് മാസമായി നടന്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. അതിനിടെ, ശനിയാഴ്ച രാത്രി വൈകുവോളം സുശാന്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാത്രി ഏറെ വൈകിയാണ് നടന്‍ ഉറങ്ങാന്‍ കിടന്നതെന്നും അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനാല്‍ അസ്വാഭാവികത തോന്നിയില്ലെന്ന് വീട്ടുജോലിക്കാരും പറഞ്ഞിരുന്നു. താരത്തിന്റെ മരണത്തില്‍ നടുക്കവും അനുശോചനവും അറിയിച്ച് നിരവധിതാരങ്ങളാണ് സോഷ്യല്‍മീഡിയയില്‍ സജീവമായത്.
സുശാന്തിന്റെ മരണം കൊലപാതകമാണെന്നും നടന്‍ ആത്മഹത്യ ചെയ്യില്ലെന്നും ജന്‍അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും പ്രതികരിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുശാന്ത് സിങ് രാജ്പുത്തിന്റെ പട്‌നയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി 11.30 ഓടെ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തില്‍ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്.