സുസ്മിതാ സെന്‍ വിവാഹിതയാവുന്നു ; വരന്‍ 27കാരനായ റോഹ്മാന്‍ ഷാല്‍

മുന്‍ ലോക സുന്ദരിയും ബോളിവുഡില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടിയുമായ സുസ്മിത സെന്‍ വിവാഹിതായാകാന്‍ പോകുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ദത്തുമക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ തലപൊക്കുന്നത്. അധികം വൈകാതെ സുസ്മിതയും റോഹമാനും തമ്മില്‍ വിവാഹിതരാകുമെന്നാണ് വിവരം. സുസ്മിത ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന. 2019 ന്റെ അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.

ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ റോഹ്മാന്‍ ഷാലും എത്തിയിരുന്നു. റോഹ്മാനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത പങ്ക് വെച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. പിന്നീട് സൗഹൃദം പ്രണയമായി മാറിയെന്നാണ് സംസാരം. അമ്മയുടെ താല്‍പര്യത്തെ അലീഷയും റെനിയും ഇരു കയ്യും നീട്ടി സ്വീകരിച്ചതായും വാര്‍ത്തയുണ്ട്.