സൂര്യയുടെ തോക്കുകള്‍ പിടിച്ചെടുത്തു

സൂര്യ അഭിനയിക്കുന്ന ‘എതര്‍ക്കും തുനിന്തവന്‍’ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു. സഹസംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പോലീസ് പിടിച്ചെടുത്തത്. ഇതിനെതിരേ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്‌സ് അസോസിയേഷന്‍ (സിംഡിയ) മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശവും ലൈസന്‍സും അനുവദിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ, ചെന്നൈയിലെ ഗോഡൗണില്‍ പരിശോധന നടത്തി 150-ഓളം ഡമ്മി ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഡമ്മി തോക്കുകള്‍ കൊണ്ടുപോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്നാവശ്യപ്പെട്ട് 2014 ല്‍ പോലീസിന് നിവേദനം നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് അസോസിയേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടന വിസ്മയമാണ് സൂര്യ എന്ന പേരില്‍ അറിയപ്പെടുന്ന ശരവണന്‍ ശിവകുമാര്‍ (ജനനം: 23 ജൂലൈ 1975). പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ് സൂര്യയുടെ അഭിനയ മികവിനാല്‍ ‘നടിപ്പിന്‍ നായകന്‍’ എന്ന സ്ഥാനം ലഭിച്ചു. നേറുക്ക് നേര്‍ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയില്‍ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു.

 സൂര്യയെ കേന്ദ്രകഥാപാത്രമാക്കി പണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘എതര്‍ക്കും തുനിന്തവന്‍’ എന്ന ചിത്രം 2022 ഫെബ്രുവരി 4നാണ് തിയേറ്ററിലെത്തുന്നത്. റിലീസ് പ്രഖ്യാപനത്തിനു പിന്നാലെ സിനിമയുടെ ടീസറും സണ്‍ പിക്‌ച്ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്‍.