ഞാന്‍ സപ്ലി എഴുതിയാണ് ബി കോം പൂര്‍ത്തിയാക്കിയത് ; വൈറലായി സൂര്യയുടെ പ്രസംഗം

തമിഴ് സിനിമയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ സൂര്യയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. താന്‍ സപ്ലി എഴുതിയാണ് ബി കോം പാസ്സായതെന്ന് താരം തുറന്ന് പറയുന്നു. വേല്‍ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു സൂര്യ. തനിക്ക് ആദ്യകാലത്ത് ലഭിച്ച പ്രതിഫലം മൂന്ന് ലക്ഷമായിരുന്നെന്നും അന്ന് സഹതാരത്തിന് നല്‍കിയത് ഒരു കോടിയുമാണ്. പിന്നീട് എങ്ങനെയാണ് താന്‍ മികവിലേക്ക് മാറിയത് എന്നാണ് സൂര്യ പറയുന്നത്.

സൂര്യയുടെ വാക്കുകള്‍

‘സപ്ലി എഴുതി ബി.കോം പൂര്‍ത്തിയാക്കിയ ഞാന്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പഠിച്ച ചില പാഠങ്ങളും അനുഭവങ്ങളുമാണ് പങ്കുവെയ്ക്കുന്നത്. പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ഇവിടെ എത്തുമെന്ന് വിചാരിച്ചിരുന്നില്ല. നടനാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. സിനിമയില്‍ എത്തിയ ഞാന്‍ എന്നെത്തന്നെ മാതൃകയാക്കി എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് അഭിനയിച്ച് തുടങ്ങുകയായിരുന്നു. തന്നില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് ജീവിച്ച് തുടങ്ങിയാല്‍ ജീവിതത്തില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകും. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം. നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം ചിലപ്പോള്‍ നടക്കണമെന്നില്ല. പക്ഷെ നമ്മള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ കൃത്യമായി നടക്കും. എന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടുമുണ്ട്.

നടന്റെ മകനായതു കൊണ്ടതല്ല സിനിമയില്‍ വിജയിച്ചത്. ആദ്യകാലത്ത് എനിക്ക് മൂന്ന് ലക്ഷം ആണ് പ്രതിഫലം ലഭിച്ചത്. എന്റെ സഹതാരത്തിന് ഒരു കോടിയും ആയിരുന്നു പ്രതിഫലം. എന്റെ മുമ്പില്‍ നിന്നുതന്നെയായിരുന്നു സഹതാരത്തിനും പ്രതിഫലം നല്‍കിയത്. പക്ഷേ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്കും ഒരു കോടിയുടെ പ്രതിഫലം ലഭിച്ചു. നമ്മുടെ മനസ്സിലാണ് ലക്ഷ്യബോധം ഉണ്ടാകേണ്ടതെന്നും സൂര്യ പറഞ്ഞു.

ജീവിതത്തില്‍ മൂന്ന് കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. ഒന്നാമതായി സത്യസന്ധത. എല്ലാകാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തണം. അത് പഠനത്തിലായാലും പ്രണയത്തിലായാലും. രണ്ടാമത് പോസിറ്റിവിറ്റി. എപ്പോഴും പോസിറ്റീവായി ചിന്തിക്കണം. മൂന്നാമതായി ജീവിത ലക്ഷ്യം. തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാന്‍ ശ്രമിക്കണം. അതില്‍ ഉറച്ചുനില്‍ക്കാനും ശ്രദ്ധിക്കണം’ സൂര്യ പറഞ്ഞു.

വീഡിയോ കാണാം..