
‘തുടരും’ സിനിമ ഇഷ്ടമായെന്നറിയിച്ച് സംവിധായകൻ തരുൺ മൂർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് തമിഴിലെ താരസഹോദരന്മാരായ സൂര്യയും കാർത്തിയും. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് തരുൺ മൂർത്തി തന്നെയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. കൂടിക്കാഴ്ചയ്ക്ക് തരുൺ പോസ്റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു.
കോളിവുഡിലും ‘തുടരും’ തരംഗം എന്ന തലക്കെട്ടിലാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരുൺ മൂർത്തി കുറിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഫാൻ ബോയ്സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ. കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാഗ്ചെയ്തുകൊണ്ട് തരുൺ മൂർത്തി എഴുതി.
‘തുടരും’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ശോഭനയാണ് നായിക. ഫർഹാൻ ഫാസിൽ, പ്രകാശ് വർമ, ബിനു പപ്പു, മണിയൻപിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, ആർഷ ചാന്ദ്നി, അമൃതവർഷിണി, അർജുൻ അശോകൻ എന്നിവരാണ് മറ്റു വേഷങ്ങളിൽ. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.
രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയാണ് തുടരും.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.
ചിത്രത്തിലെ ‘കൊണ്ടാട്ടം’, ‘എന്തൊരു ചേലാണ്’, തുടങ്ങിയ ഗാനങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു. യൂട്യൂബിൽ തരംഗമായ ‘കൊണ്ടാട്ടം’ എന്ന ഗാനത്തിനും ജേക്സ് ബിജോയ് തന്നെയാണ് ഈണമൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് എം.ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.