അനൂപ് സത്യന്‍ ചിത്രത്തിലെ ആ അപ്രതീക്ഷിത സെലിബ്രിറ്റി !

തിയറ്ററുകളില്‍ കുടുംബപ്രേക്ഷകരുടെ മനംകവര്‍ന്ന് മുന്നേറുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. അതിനൊരു പ്രധാന കാരണം ചിത്രത്തിന്റെ പുതുമകള്‍ തന്നെയാണ്. പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച ചിത്രം, കല്യാണി പ്രിയദര്‍ശന്റെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രം എന്നിങ്ങനെ നിരവധി പുതുമകള്‍ ചിത്രത്തിനുണ്ട്. മാത്രമല്ല ദുല്‍ഖറിന്റെ സഹോദരനായി അഭിനയിച്ചു കൊണ്ട് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ മകനും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

എന്നാല്‍ ആരുമറിയാതെ മറ്റൊരു കൊച്ചു സെബിബ്രിറ്റി കൂടി ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മറ്റാരുമല്ല സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷാണ് ആ താരം. സിനിമയിലെ സുരേഷ്ഗോപിയുടെ ആക്ഷന്‍ സീനില്‍ ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു അടിപിടി കാണുന്ന ഒരു പയ്യനെ കാണാം. ആ പയ്യനാണ് മാധവ് സുരേഷ്. സുരേഷ് ഗോപിയുടെ ഈ ആക്ഷന്‍ രംഗത്തിന്റെ മേക്കിങ് വിഡിയോയിലും നമ്മുക്ക് മാധവിനെ കാണാന്‍ സാധിക്കും. അച്ഛന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് മാധവ് തന്റെ രംഗം അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്. മാധവ് സുരേഷ് ഇതിലൂടെ അരങ്ങേറ്റം കുറിക്കുന്ന വിവരം സംവിധായകന്‍ അനൂപ് സത്യന്‍ ആരോടും പറഞ്ഞിരുന്നില്ല. സുരേഷ് ഗോപിയുടെ മൂത്ത മകനായ ഗോകുല്‍ സുരേഷ് ഇതിനോടകം ഒരുപിടി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ സുപരിചിതനാണ് ഗോകുല്‍ സുരേഷ്. ഏതായാലും അച്ഛന്‍ നായകനായ ചിത്രത്തിലൂടെ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യമാണ് മാധവ് സുരേഷിനു ലഭിച്ചത്. ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.