
ഭൂട്ടാൻ വാഹനക്കടത്തിൽ നടന്മാരുടെ വീട്ടിൽ നടന്ന ഇ ഡി റെയ്ഡ് ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനാണെന്ന് പ്രസ്താവിച്ച് നടനും
കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ഗോപി. കൂടാതെ ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
“ഭൂട്ടാൻ വാഹനക്കടത്തിൽ നടന്മാരായ പൃഥ്വിരാജിന്‍റെയും ദുൽഖർ സൽമാന്‍റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനാണോയെന്നാണ് സംശയം. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. അതുപോലെ തന്നെ പ്രജാ വിവാദവും സ്വർണ്ണ ചർച്ച മുക്കാൻ വേണ്ടിയാണ്”. സുരേഷ് ഗോപി പറഞ്ഞു.
“ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പൻ. ശബരിമലയിൽ നടന്നതിനു വലിയ ശിക്ഷ ഏറ്റു വാങ്ങേണ്ടിവരും. ചെമ്പ് സ്വർണ രസതന്ത്രം വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. അയ്യപ്പൻ മനുഷ്യൻ കൂടിയാണ്. എന്റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഈശ്വരന്റെ ഓഡിറ്റ് ബുക്കിൽ മാത്രമാണ് എന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്”. സുരേഷ് ഗോപി കൂട്ടിച്ചേർത്തു.