
തൻ്റെ സിനിമകൾക്ക് അർഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തൻ്റെ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. അപ്പോത്തിക്കിരി’യുടെ സെറ്റിൽ നിന്നും ഷൂട്ടിങ് നിർത്തിവച്ച് നരേന്ദ്രമോദിയെ കാണാൻ പോയതിനു ശേഷം സിനിമയിലെ തന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഖാതങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ഗരുഡാനിൽ ബിജുമേനോന് അവാർഡ് കിട്ടാതെ പോയതും തന്റെ രാഷ്ട്രീയം കൊണ്ടാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മനോരമയുടെ ന്യൂസ് മേക്കർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എൻ്റെ രാഷ്ട്രീയം വലിയ പ്രശ്‌നമായിരുന്നു, അതുകൊണ്ട് തന്നെ 2014ൽ മാർച്ച് അഞ്ചിന് ‘അപ്പോത്തിക്കിരി’യുടെ സെറ്റിൽ നിന്നും ഷൂട്ടിങ് നിർത്തിവച്ച് നരേന്ദ്രമോദിജിയെ കാണാൻ അദ്ദേഹത്തിന്റെ പടയോടൊപ്പം കൊയമ്പത്തൂരിൽ നിന്നും ഫ്ലൈറ്റ് കയറി അഹമ്മദാബാദിനു പോയി. അതിനു ശേഷം സിനിമയിലെ എന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഖാതങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.അതുകൊണ്ട് ‘അപ്പോത്തിക്കിരി’ എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. ഇന്ന് അവാർഡ് നൽകപ്പെടുന്ന സിനിമകളുടെ ഗണിതത്തിലെ ഫാക്‌ടറുകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാൽ അതിനെ ഒന്നും ചോദ്യം ചെയ്യാത്ത സ്വഭാവമുള്ള, സവിശേഷതയുള്ള സിനിമകളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അതിൽ സുരേഷ് ഗോപിയ്ക്ക് ഒരു പരിഗണനയും വേണ്ട. തന്നാൽ സ്വീകരിക്കും. അത് ദേശത്തിന്റെ അവകാശമാണ്. ഞാനതിനെ ചോദ്യം ചെയ്യില്ല. പാവം ആ ബിജു മേനോന് ചിലപ്പോൾ ഗരുഡനിൽ അഭിനയത്തിനുളള അവാർഡ് കിട്ടിപ്പോയേനെ. എൻ്റെ രാഷ്ട്രീയം അതിനൊരു വിഘാതം സൃഷ്ടിച്ചു. കേരളത്തിൽ നിന്നും അത് കടത്തി വിടാത്ത ജൂറിയിലെ രണ്ട് പേരെ എനിക്കറിയാം.” സുരേഷ് ഗോപി പറഞ്ഞു.
ഐഎംബി സെക്രട്ടറിയോട് ഞാൻ അപക്ഷേിച്ചു, എന്തെങ്കിലും പോം വഴിയുണ്ടോ അതൊന്നു കേന്ദ്ര ജൂറിയെ കാണിക്കാൻ. ഒരാഴ്ചയ്ക്കുശേഷം മറുപടിയും കിട്ടി, നിങ്ങൾ യൂണിയൻ മിനിസ്റ്റർ ആയതുകൊണ്ടും ആ സിനിമയുടെ ഭാഗമായതുകൊണ്ടും ഈ അപേക്ഷ പരിഗണിക്കില്ല. എൻ്റെ സർക്കാരിൻ്റെ നട്ടെല്ലിനെ ഞാൻ ബഹുമാനിക്കുന്നു, അതിലൊന്നും സങ്കടവുമില്ല. പക്ഷേ ഇവിടെ ആ സിനിമകളുടെ പേര് മുഴങ്ങികേട്ടേനെ എന്നു പറയുന്ന ദുഃഖകരമായ നഷ്ടം വേദന തന്നെയാണ്. ഇത് കലാകാര ഹൃദയം കൊണ്ട് പോസ്‌റ്റുമാർട്ടം നടത്തുന്ന എല്ലാ ജൂറി അംഗങ്ങളും ഓർത്താൽ നന്ന്. ഒരു പത്മ പുരസ്ക്‌കാരത്തിന് വേണ്ടി ഇന്നു വരെ അപേക്ഷിച്ചിട്ടില്ല. ആരൊക്കെ എത്ര തവണ അപേക്ഷിച്ചുവെന്നതും ആരെക്കൊണ്ടൊക്കെ റെക്കമന്റ്റ് ചെയ്‌തുവെന്നതും വ്യക്തമായി എനിക്കറിയാം. റെക്കമെൻ്റ് ചെയ്‌തവരുടെ കൂട്ടത്തിൽ എന്റെ പേര് നിരവധി തവണ ഉണ്ടാകും. ഇന്നു വരെ ഞാൻ അപേക്ഷിച്ചിട്ടില്ല, ഇനി അപേക്ഷിക്കുകയുമില്ല. എൻ്റെ പേരിനു മുമ്പിൽ വയ്ക്കാൻ പത്മ ഇല്ല, ഭരത് ഉണ്ട്. എന്നെ ചുവന്ന പട്ടിൽ പൊതിഞ്ഞു കൊണ്ടുവന്നു കിടത്തുമ്പോൾ ഗൺ സല്യൂട്ട് തന്ന് യാത്രയയപ്പ് നടത്താൻ ആ ഭരത് അവാർഡ് ധാരാളമാണ്. .”-സുരേഷ് ഗോപി കൂട്ടിച്ചേർത്തു.