ഭാഷയുടെ പേരില്‍ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തലുണ്ടായി: സുരഭി

കോഴിക്കാടന്‍ ഭാഷയുടെ പേരില്‍ പലപ്പോഴും സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തലുണ്ടായിട്ടുണ്ടെന്ന് ദേശീയ അവാര്‍ഡ് ജേതാവും, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവുമായ നടി സുരഭി ലക്ഷ്മി. എന്നാല്‍ അതിനെ മറികടക്കാന്‍ തനിയ്ക്ക് സാധിച്ചെന്നും സുരഭി പറഞ്ഞു. ജ്വാലാമുഖി എന്ന ചിത്രത്തിലൂടെ മികച്ച നടിയായി കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചതിന് ശേഷം ആദ്യമായി സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി. സ്തീകള്‍ക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളുണ്ടെങ്കിലും ഇപ്പോഴത്തെ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണെന്ന് സുരഭി പറഞ്ഞു. വേറെ ഹീറോയിനായിരുന്നു ജ്വാലാമുഖിയില്‍ അഭിനയിക്കേണ്ടിയിരുന്നത്. ഷാജി പട്ടിക്കര എന്ന പ്രൊഡക്ഷന്‍ കണ്‌ട്രോളര്‍ വഴിയാണ് ഈ കഥാപാത്രം പിന്നീട് തന്നിലെത്തിയതെന്നും സുരഭി പറഞ്ഞു. സെലീനയുടെ ജീവിത കഥ സിനിമയായപ്പോള്‍ മൃതദേഹം ദഹിപ്പിക്കുന്ന അനുഭവം ഇല്ലാത്തതായിരുന്നു പ്രധാന വെല്ലുവിളി. അവരുടെ ജോലിയും ജീവിതവും നേരിട്ട് കണ്ടാണ് കഥാപാത്രമാകാന്‍ തയ്യാറെടുത്തതെന്നും സുരഭി പറഞ്ഞു. സെലീനയുടെ തന്നെ ചെരുപ്പാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. ഒരു ജീവിതം അതേ പോലെ തന്നെ ജീവിച്ചുതീര്‍ത്ത അനുഭവമാണ് ജ്വാലാമുഖിയില്‍ നിന്ന് കിട്ടിയതെന്ന് സുരഭി കൂട്ടിചേര്‍ത്തു.

സംവിധായകന്‍ ജയരാജ് ഒരുക്കുന്ന ‘അവള്‍’ എന്ന ചിത്രത്തിലും യഥാര്‍ത്ഥ ജീവിതകഥയിലെ കഥാപാത്രമായാണെത്തുന്നത്. ജയരാജ് സാറിന്റെ വീട്ടിലെ വേലക്കാരിയായ ബധിരയും മൂകയുമായ പ്രഭയുടെ കഥയാണ് ‘അവള്‍’. ജ്വാലാമുഖിയിലേക്കാള്‍ വെല്ലുവിളിയുള്ള കഥാപാത്രമാണ് അവളില്‍ ഉണ്ടായിരുന്നത്. ഏത് ചിത്രത്തിലും വേലക്കാരിയോ, വേശ്യയോ ഒക്കെയായി അഭിനയിക്കാന്‍ താന്‍ തയ്യാറാണ്. പക്ഷേ അത്തരം കഥാപാത്രങ്ങളുടെ കഥയായിരിക്കണം സിനിമയെന്നതാണ് തന്റെ നിലപാടെന്നും സുരഭി പറഞ്ഞു. നാടകമാണ് അഭിനയജീവിതത്തില്‍ കരുത്തായത്. എം 80 മൂസയാണ് തന്നിലെ നടിയെ ജനകീയമാക്കിയത്. എന്നാല്‍ ആ കഥാപാത്രത്തെ ബ്രെയ്ക്ക് ചെയ്തതാണ് കരിയറില്‍ തുണയായത്. കൊറോണ കാലത്താണ് ഏറ്റവും കുടുതല്‍ കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തിയതെന്ന് സുരഭി ലക്ഷ്മി. കുറുപ്പ് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞമ്മയായാണ് സുരഭിയെത്തുന്നത്. ദുല്‍ഖറിനോട് പട്ടിണി കിടന്നിട്ടുണ്ടോ എന്ന് ചിത്രീകരണ സമയത്ത് ചോദിച്ച അനുഭവം സുരഭി പങ്കുവെച്ചു. പഠിയ്ക്കുന്ന സമയത്ത് പണം ചോദിയ്ക്കാന്‍ മടിയായത് കൊണ്ട് പട്ടിണി കിടന്നിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞെന്ന് സുരഭി. പത്മ എന്ന അനൂപ് മേനോന്‍ ചിത്രത്തില്‍ തനിയ്ക്ക് മികച്ച കഥാപാത്രമാണുള്ളതെന്ന് സുരഭി പറഞ്ഞു. തല, പൊരിവെയില്‍, പത്മ, കള്ളന്‍ ഡീസൂസ, അവള്‍ എന്നീ ചിത്രങ്ങളാണ് ഇനി സുരഭിയുടേതായി പുറത്തിറങ്ങാനുള്ളത്.