സിനിമയും നാടകവും രണ്ടല്ല സുരഭിക്ക്

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയപ്പോളും, എനിക്കിനിയും മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്ന നിറഞ്ഞ ചിരിയോടെ പറഞ്ഞ നടിയാണ് സുരഭി ലക്ഷ്മി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം സുരഭി ലക്ഷ്മിയെ മറ്റൊരു അവാര്‍ഡിന് തിരഞ്ഞെടുത്തിരിക്കുകയാണ്. 2020 ലെ കേരള ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭി ലക്ഷ്മിയെ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ശവശരീരങ്ങള്‍ ദഹിപ്പിക്കുന്ന ജോലിക്കാരിയായുള്ള സലീന എന്ന സ്ത്രീയുടെ കഥാപാത്രത്തെയാണ് സുരഭി ലക്ഷ്മി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയിലും നാടകത്തിനായ് സമയം കണ്ടെത്തുന്ന താരമാണ് സുരഭി. നാടകത്തിന്റെ ഉലയില്‍ സ്വയം ഉരുകി മൂര്‍ച്ച കൂട്ടിയ കരുത്തുമായാണ് താരം വെള്ളിത്തിരയില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചത്. മായാതാങ്ബര്‍ഗ് സംവിധാനം ചെയ്ത ‘ഡച്ചസ് ഓഫ് മാല്‍ഫി’ എന്ന നാടകത്തില്‍ അഭിനയിക്കുന്ന സുരഭിയുടെ ചിത്രങ്ങള്‍ സുഹൃത്തുക്കളാണ് പങ്കുവെച്ചത് . ഷൂട്ടിങ് തിരക്കുകള്‍ക്കിടക്കും നാടകരംഗത്ത് സജീവമായി തുടരുന്ന ഈ നടിയുടെ കഴിവുകള്‍ മലയാള ചലച്ചിത്രരംഗം ഇനിയും അറിയാന്‍ ഇരിക്കുന്നതേയുള്ളുവെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് അവര്‍ കുറിച്ചു. സുരഭിയില്‍ നിന്നും ഏറെ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ കൂടി പുരസ്‌കൃതയായതില്‍ സന്തോഷം.

മികച്ച നടിക്കുള്ള 2016ലെ ദേശീയ ചലച്ചിത്രപുരസ്‌കാരം സുരഭിക്ക് ലഭിച്ചു. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷന്‍ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവര്‍ മീഡിയാ വണ്‍ ചാനലില്‍ പ്രക്ഷേപണം ചെയ്ത എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുമ്മയായിട്ടാണ് ജനപ്രീതിയാര്‍ജിക്കുന്നത്. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിന് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിച്ച് കോഴിക്കോട്ടുനിന്നും വന്ന സുരഭിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

സുവര്‍ണ തിയേറ്റേഴ്‌സിന്റെ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും കെ. വിനോദ്കുമാര്‍ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു . അബുദാബി തിയേറ്റര്‍ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്നും ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റര്‍ ആര്‍ട്‌സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.  അച്ഛന്‍ കെ.പി. ആണ്ടി, അമ്മ രാധ.