ദേശീയ പുരസ്‌കാരം ലഭിച്ചെങ്കിലും എനിക്ക് മാര്‍ക്കറ്റില്ലെന്ന് പറഞ്ഞവരുണ്ട്….സുരഭി ലക്ഷ്മി

','

' ); } ?>

പുരസ്‌കാരങ്ങള്‍ ലഭിച്ചത് കൊണ്ട് മാത്രം കാര്യമില്ല. തനിക്ക് കൊമേഷ്യല്‍ മാര്‍ക്കറ്റില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് നടി സുരഭി ലക്ഷ്മി. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്. അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന പദ്മയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേശീയ പുസ്‌കാര ജേതാവായ സുരഭി ലക്ഷ്മിയാണ്. ‘ദേശീയ പുരസ്‌കാരം നമ്മുടെ അലമാരക്കകത്താണ്, ഒരു വ്യക്തി, നടി, കഥാപാത്രം എന്നിങ്ങനെ എന്നിലുള്ള മൂന്ന് ആളുകള്‍ക്ക് മാത്രം സന്തോഷിക്കാനോ, എടുത്ത് നോക്കാനോ ഉള്ളതായി അത്. പിന്നെ സിനിമ നമ്മുടെ ഇടം തന്നെയാണെന്ന് ഉറപ്പിക്കുന്ന കാര്യം കൂടിയാണ് പുരസ്‌കാരം. അതിന് തിളക്കം കിട്ടണമെങ്കില്‍ അതിലേക്ക് ഒരുപാട് കഥാപാത്രങ്ങള്‍ വന്ന് ചേരണം. ഒരിക്കലും പ്രധാന നടിയാകണമെന്നല്ല, മറിച്ച് ഒരു സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാകണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര കഥാപാത്രമെന്നല്ല. എങ്കിലും സിനിമയുടെ പ്രധാന ഘടകമാകുന്ന നിരവധി കഥാപാത്രങ്ങളുണ്ടല്ലോ. ദേശീയ പുരസ്‌കാരം ലഭിച്ചെങ്കിലും എനിക്ക് മാര്‍ക്കറ്റില്ലെന്ന് പറഞ്ഞവരുണ്ട്. ഞാന്‍ വരുന്നുന്നത് സീരയല്‍, നാടകം എന്നീ മേഖലകളില്‍ നിന്നാണ്. എന്റെ അവാര്‍ഡിനെ ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമെ കണ്ടിരുന്നുള്ളു. അവാര്‍ഡിന് മുമ്പ് റോളുകള്‍ ആരോടും ചോദിക്കേണ്ടി വന്നിരുന്നില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കുമായിരുന്നു. അവാര്‍ഡിന് ശേഷം ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുമോ എന്ന് കരുതി ആരും വിളിച്ചിരുന്നില്ല. അതിന് ശേഷം ഓരോരുത്തരേയും അവസരത്തിന് വേണ്ടി വിളിക്കുമ്പോള്‍ റോളില്ലെന്നോ, അമ്മ വേഷം ചെയ്യാന്‍ ആയിട്ടില്ലെന്നൊക്കെയാണ് പറഞ്ഞിരുന്നത്. പിന്നെ മാര്‍ക്കറ്റില്ലാത്തുകൊണ്ട് നായികയാക്കാനും കഴിയില്ലെന്നായിരുന്നു മറുപടി’. സുരഭി പറയുന്നു.

പദ്മ എന്ന സിനിമ ദേശീയ പുരസ്‌കാരത്തിന് ശേഷം ലഭിച്ച അംഗീകാരമണ്. പുരസ്‌കാരങ്ങള്‍ക്ക് തിളക്കമോറണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ കൂടി ചെയ്യാന്‍ കഴിയണമെമന്നും സുരഭി കൂട്ടിചേര്‍ത്തു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് പദ്മ. വികൃതി, അതിരന്‍, തീവണ്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ് സുരഭി ചെയ്തത്. സ്ത്രീ കേന്ദ്രീകൃത സിനിമയായ പദ്മ സംവിധാനം ചെയ്യുന്നതും അനൂപ് മേനോനാണ്. അനൂപ് മേനോന്റെ ആദ്യ സിനിമയായ തിരക്കഥയിലും സുരഭി അഭിനയിച്ചിട്ടുണ്ട്. വളരെ ബോള്‍ഡായ ഒരു കഥാപാത്രമായ തന്നെ കാണാന്‍ അനൂപ് മേനോന് കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും സുരഭി വ്യക്തമാക്കി.