
ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിച്ച ഗൗരി കിഷന് പിന്തുണയുമായി സുപ്രിയ മേനോൻ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ജേർണലിസത്തിന്റെ പേരിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ?. അവർക്ക് ചുട്ട മറുപടി നൽകിയതിൽ അഭിനന്ദനം’, സുപ്രിയ കുറിച്ചു.
ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സുപ്രിയയെ കൂടാതെ ഗായിക ചിന്മയിയും ഗൗരിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പ്രസ് മീറ്റിൽ നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധയകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.