ശരണ്യ സൂപ്പറായോ?

','

' ); } ?>

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ദൃശ്യഭാഷ ഒരുക്കിയ ഗിരീഷ്  എ.ഡി യുടെ പുതിയ ചിത്രം സൂപ്പര്‍ ശരണ്യ തിയേറ്ററുകളിലെത്തിയിരിക്കുന്നു.തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ പേര് പോലെ മധുരമുള്ള പ്ലസ് ടു കാലഘട്ടത്തെയാണ് പ്രേക്ഷകരിലേക്കെത്തിച്ചതെങ്കില്‍ ട്രാക്ക് ഒന്ന് ചെറുതായി മാറ്റിയതൊഴിച്ചാല്‍ രുചിക്കൂട്ടുകള്‍ക്കൊന്നും മാറ്റമില്ല. ഇത്തവണ പ്ലസ് ടുവിന് പകരം കലാലയമാണ് ഗിരീഷ് തെരഞ്ഞെടുത്ത തട്ടകം. യൗവ്വനത്തിന്റെ മനസ്സറിഞ്ഞ ട്രീറ്റ്മെന്റാണ് ചിത്രത്തിലുടനീളം കാണാനാകുന്നത്. ക്യാംപസ് ജീവിതം, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതം, കലാലയ തമാശകള്‍ തുടങ്ങീ ഫ്രെയ്മുകളുടേയെല്ലാം സ്വാഭാവികത ശരണ്യയെ സൂപ്പര്‍ ആക്കിയിട്ടുണ്ട്. കൗമാരകാലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് അതേപോലെ തന്നെ രസമൊട്ടും ചോര്‍ന്ന് പോകാതെ പ്രേക്ഷകരിലേക്കെത്തിക്കാനും സംവിധായകനായിട്ടുണ്ട്. തിയേറ്ററില്‍ യൂത്തിന്റെ മനസ്സറിഞ്ഞ ചിരിയും കയ്യടിയുമെല്ലാം നിറഞ്ഞതോടെ സംവിധായകന്‍ ലക്ഷ്യമിട്ട ഓഡിയന്സ് ഹാപ്പിയാണെന്ന് വ്യക്തമാണ്.

യൗവ്വനത്തിന്റെ നിഷ്‌കളങ്കതയും, പ്രണയവും, വാശിയുമെല്ലാം അതേ പോലെ വെള്ളിത്തിരയിലെത്തിച്ച അനശ്വര രാജന്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍, അര്‍ജ്ജുന്‍ അശോക്, വിനീത് വിശ്വന്‍,  സജിന്‍ ചെറുകയില്‍, നെസ്ലന്‍ തുടങ്ങീ ചിത്രങ്ങളിലെ എല്ലാ കാസ്റ്റിംഗും നന്നായിരുന്നു. അനശ്വരയ്ക്ക് കൂട്ടായെത്തിയ താരങ്ങളുടെ പ്രകടനമെല്ലാം തന്നെ ക്യാംപസ്സിലേക്ക് നമ്മള്‍ നേരിട്ടിറങ്ങി അനുഭവമാണുണ്ടാക്കിയത്. അര്‍ജ്ജുനിന്റെ കൂട്ടികാരനായെത്തിയ നടന്റെ പേരറിയില്ല. പക്ഷേ യാതൊരു പുതുമുഖ പരിഭ്രമവുമില്ലാതെ രംഗങ്ങളെല്ലാം മനോഹരമാക്കിയിട്ടുണ്ട്. അശുഭ മംഗളകാരീ എന്ന ഗാനമാണ് സോഷ്യല്‍മീഡിയയെ ചിത്രത്തോട് അടുപ്പിച്ചതെങ്കില്‍ അത്തരത്തിലുള്ള പ്രതീക്ഷയുമായി പോകുന്നവരെ നിരാശപ്പെടുത്താത്ത ചിത്രമാണ് സൂപ്പര്‍ ശരണ്യ. സജിത്ത് പുരുഷന്റെ ക്യമാറ, ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ സംഗീതം,ആകാശ് ജോസഫ് വര്‍ഗ്ഗീസിന്റെ ചിത്ര സംയോജനം എന്നിവയെല്ലാം നന്നായിട്ടുണ്ട്. തണ്ണീര്‍മത്തന് ശേഷം യൂത്തിനെ അതേ ആവേശത്തോടെ ചിത്രത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞതിന് സംവിധായകന് കയ്യടിക്കാം.