നടന് സണ്ണി വെയ്ന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം യുഎസ്എയില്‍ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു. റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളില്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും സ്ക്രീന്‍ഷോട്ടുകളും വന്ന് തുടങ്ങി. ഇപ്പോഴിതാ പൈറസിയെ പിന്തുണയ്ക്കരുതെന്ന് പ്രേക്ഷകരോട് പറയുകയാണ് സണ്ണി വെയ്നും അണിയറ പ്രവര്‍ത്തകരും.
‘അനുഗ്രീതന് ആന്റണി ഉടന്‍ തന്നെ ആമസോണ്‍ പ്രൈം(ഇന്ത്യയില്‍) സ്ട്രീമിങ്ങ് ആരംഭിക്കും. അതിനാല്‍ ആരും പൈറസിയെ പിന്തുണയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്’, എന്നാണ് സണ്ണി വെയ്ന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഒരിടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു അനുഗ്രഹീതന്‍ ആന്റണി. മികച്ച പ്രതികരണമായിരുന്നു അന്ന് ലഭിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്ക്കും ചിത്രം കാണാനുള്ള അവസം ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്.ചിത്രം റിലീസ് ചെയ്ത സമയത്തില്‍ തീയറ്ററുകളില്‍ ഹൗസ് ഫുല് ആയിരുന്നു ഷോ.
പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത്, ലക്ഷ്യ എന്റര്ട്ടെയ്ന്മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ബൈജു സന്തോഷ്, ഇന്ദ്രന്‍സ്, സൂരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് ആചാരി, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന് എ എസും, സിദ്ധാര്ത്ഥന് കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.