
ഖുശ്ബുവിന് വിജയ് സഹോദരനെ പോലെയായത് കൊണ്ട് വിജയ്‌യെ താൻ വിമർശിക്കില്ലെന്ന് നടനും സംവിധായകനും ഖുശ്ബുവിന്റെ ഭർത്താവുമായ സുന്ദർ സി. അദ്ദേഹത്തിൻ്റെ പാർട്ടിയേയോ, സ്ഥാനാർഥികളേയോ താൻ വിമർശിക്കില്ലെന്നും, തന്നോട് ഏറെ സ്നേഹവും ബഹുമാനവുമുള്ള നടനാണ് വിജയ്‌യെന്നും സുന്ദർ പറഞ്ഞു.
“എന്നോട് ഏറെ സ്നേഹവും ബഹുമാനവുമുള്ള നടനാണ് വിജയ്. എനിക്ക് തിരിച്ചും അതുപോലെയാണ്. എൻ്റെ ഭാര്യയും നടിയുമായ ഖുഷ്ബു വിജയ്‌യെ ഒരു സഹോദരനേപ്പോലെയാണ് കാണുന്നത്. വിജയ് ഖുഷ്‌ബുവിനെ അക്കാ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് വിജയ് യെയോ , അദ്ദേഹത്തിൻ്റെ പാർട്ടിയേയോ, സ്ഥാനാർഥികളേയോ വിമർശിക്കാൻ ഞാൻ തയ്യാറല്ല.” സുന്ദർ പറഞ്ഞു.
വരുന്ന തമിഴ്നാട് തിരഞ്ഞെടുപ്പിൽ അങ്കം കുറിക്കാനൊരുങ്ങുകയാണ് നടനും സംവിധായകനുമായ സുന്ദർ സി. എ.ഐ.എ.ഡി.എം.കെ.യുടെ ഭാഗമായ പുതിയ നീതി കക്ഷി പാർട്ടിയുടെ സ്ഥാനാർഥിയായി മധുര മണ്ഡലത്തിൽനിന്നാണ് സുന്ദർ സി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പിഎൻകെ എൻഡിഎ സഖ്യത്തിൻ്റെ സ്ഥാനാർഥിയായാണ് സുന്ദർ മധുരൈ സെൻട്രലിൽ നിന്നു മത്സരിക്കുന്നത്. ഖുഷ്ബു നിലവിൽ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ വൈസ് പ്രസിഡന്റ്റാണ്.
പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. താൻ ഒരിക്കലും നുണപറയില്ലെന്നും ജനങ്ങളെ വഞ്ചിക്കില്ലെന്നും നാമനിർദേശപത്രിക സമർപ്പിച്ചശേഷം വിജയ് പറഞ്ഞിരുന്നു. തൻ്റെ പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു വിപ്ലവം സൃഷ്‌ടിക്കുമെന്നും വോട്ടർമാർ തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് അഭ്യർത്ഥിച്ചിരുന്നു. പെരമ്പൂർ മണ്ഡലത്തിൽ ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആയ ആർ.ഡി. ശേഖറിനെയാണ് വിജയ് നേരിടുന്നത്. ട്രിച്ചി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർത്ഥി ഇന്നിഗോ ഇരുദയരാജാണ് അദ്ദേഹത്തിൻ്റെ എതിരാളി.