‘തലൈവർ 173’ നിന്നും പിന്മാറി സുന്ദർ സി; പിന്മാറ്റം ചിത്രത്തിന്റെ പൂജയ്ക്ക് ശേഷം

','

' ); } ?>

വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രം ‘തലൈവർ 173’ നിന്നും പിന്മാറി നടനും സംവിധായകനുമായ സുന്ദർ സി. വ്യാഴാഴ്ച അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റാണ് ഈ പ്രഖ്യാപനം നടത്തിയത്. സുന്ദർ.സിയുടെ ഭാര്യയും നടിയും നിർമ്മാതാവുമായ ഖുശ്ബു ഈ പ്രസ്താവന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും, പിന്നീട് അത് നീക്കം ചെയ്തു.

“അപ്രതീക്ഷിതവും ഒഴിവാക്കാനാകാത്തതുമായ സാഹചര്യങ്ങൾ കാരണം, #തലൈവർ173 എന്ന ഈ വലിയ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള പ്രയാസകരമായ തീരുമാനം ഞാൻ എടുത്തിരിക്കുന്നു. ഈ രണ്ട് ഇതിഹാസങ്ങളുമായുള്ള എന്റെ ബന്ധം ഒരുപാട് കാലം മുൻപേ തുടങ്ങിയതാണ്, അവരെ ഞാൻ എപ്പോഴും ഏറ്റവും ഉയർന്ന സ്ഥാനത്ത് കാണും. ഈ സംരംഭത്തിനായി ആകാംക്ഷയോടെ കാത്തിരുന്നവരെ ഈ വാർത്ത നിരാശപ്പെടുത്തിയെങ്കിൽ, എന്റെ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിക്കുക. ഇതിനുള്ള നഷ്ടപരിഹാരം ഞാൻ ചെയ്യും, നിങ്ങളുടെ ആവേശം ഉയർത്തുന്ന വിനോദ പരിപാടികൾ തുടർന്നും നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസ്സിലാക്കലിനും നന്ദി. അതെനിക്ക് ലോകത്തേക്കാൾ വലുതാണ്, നിങ്ങളോടൊപ്പം കൂടുതൽ ഓർമ്മകൾ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” സുന്ദർ സി കുറിച്ചു.

‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക എന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കമൽഹാസനും രജനികാന്തും ഒന്നിക്കുന്ന സിനിമ സുന്ദർ സിയാണ് സംവിധാനം ചെയ്യുന്നതെന്ന് അടുത്തിടെയാണ് കമൽഹാസൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം രാജ്കമൽ ഓഫിസിൽവച്ച് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.