പൊങ്കലിന് ‘വിശ്വാസം’ സണ്‍ ടിവിയില്‍…

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് സ്വന്തമാക്കി. ചിത്രത്തിന്റെ പോസ്റ്ററും അജിത്തിന്റെ ലുക്കും നേരത്തെ തന്നെ ഏറെ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സര്‍ക്കാര്‍, പേട്ട എന്നീ ചിത്രങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുകയാണ് ചെയ്തതെങ്കില്‍ വിശ്വാസം, സണ്ഡക്കോഴി2, രാക്ഷസന്‍ പോലുള്ള മറ്റ് വമ്പന്‍ ചിത്രങ്ങളുടെ ടെലികാസ്റ്റിങ്ങ് അവകാശങ്ങളാണ് സണ്‍ പിക്‌ചേഴ്‌സ് വാങ്ങിക്കൂട്ടുന്നത്.

നയന്‍താരയും ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത് ചിത്രത്തിന്റെ താരമൂല്യം ഇരട്ടിപ്പിച്ചിട്ടുണ്ട്. സൂചനകള്‍ പ്രകാരം കെ.ജെ.ആര്‍ സ്റ്റുഡിയോസിന്റെ കീഴിലായിരിക്കും വിശ്വാസം തമിഴ് നാട്ടിലെ തിയ്യേറ്ററുകളിലെത്തുക. ശിവ സംവിധാനം ചെയ്യുന്ന ചിത്രം 2019 പൊങ്കലിന് പേട്ടയോടൊപ്പം തിയ്യേറ്ററുകളിലെത്തുമ്പോള്‍ തലയും തലൈവറും തമ്മിലുള്ള ഒരു ആവേശഭരിതമായ പോരാട്ടമായിരിക്കും ചിത്രങ്ങള്‍ തമ്മില്‍. തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് സണ്‍ ടിവി ഈ വാര്‍ത്ത പങ്കുവെച്ചത്.