‘സുല്ല്’ – ഒരു ചെറിയ വലിയ കഥ..

വിജയ് ബാബു എന്ന നിര്‍മ്മാതാവ് മറ്റൊരു യുവസംവിധായകനുമായി വീണ്ടും സിനിമയിലെത്തിയിരിക്കുകയാണ്. ബാലതാരം വാസുദേവ് സുജീഷ്
യുവസംവിധായകന്‍ വിഷ്ണു ഭരദ്വജ് എന്നിവരുടെ കോമ്പോയില്‍ വിജയ് നിര്‍മ്മിച്ച സുല്ല് എന്ന സര്‍വൈവല്‍ ത്രില്ലര്‍ ഇപ്പോള്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സുല്ലിന്റെ വിശേഷങ്ങളിലേക്ക്…

ചില സിനിമകള്‍ക്ക് വേണ്ടി നമ്മള്‍ നമ്മെത്തന്നെ തന്നെ സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. ഹെലന്‍ എന്ന ചിത്രത്തിന് ശേഷമെത്തിയ അത്തരമൊരു ഇന്‍വോള്‍വിങ്ങ്് മൂവിയാണ് സുല്ല്. സുജീഷ് അവതരിപ്പിക്കുന്ന ജിത്തു എന്ന കുട്ടിയുടെ കണ്ണിലൂടെയാണ് സുല്ല് എന്ന ചിത്രം മുന്നോട്ട് പോകുന്നത്.

ചെറുപ്പത്തില്‍ സാറ്റുകളിക്കാത്തവരായി നമ്മളില്‍ ആരുമില്ല… ജിത്തുവും തന്റെ സുഹുര്‍ത്തക്കളോടൊപ്പം അത്തരം ഒരു കളിയിലേര്‍പ്പെടുകയാണ്. എന്നാല്‍ ഇത്തവണ ജിത്തുവിനെ ആര്‍ക്കും തന്നെ പിന്നീട് കണ്ടെത്താനാവുന്നില്ല. ഒരു അലമാരയിലകപ്പെട്ടുപോകുന്ന ജിത്തു പിന്നീട് തന്റെ ജീവിതത്തില്‍ താന്‍ വില കൊടുക്കാതിരുന്ന പല കാര്യങ്ങളെക്കുറിച്ചും അതിന്റെ വിലയേക്കുറിച്ചും തിരിച്ചറിയുകയാണ്.

ഇമോഷണലി പല ഘട്ടങ്ങളിലായി മുന്നോട്ട് പോകുന്ന ഒരു ചിത്രമാണ് സുല്ല്. ജിത്തുവിന്റെ ജീവിതത്തിലെ പല ഫ്‌ളാഷ് ബാക്കുകളും അങ്ങനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കരുണ, ഭയം, ദയ അങ്ങനെ പല വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ ഓരോ ഘട്ടവും കടന്നുപോകുന്നത്. ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടില്‍ നിന്ന് അത് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞതാണ് സുല്ലിന്റെ വിജയം.

അനുമോള്‍, വിജയ് ബാബു എന്നിവരുടെ താരതമ്യേന മോശമില്ലാത്ത പ്രകടനമേ ചിത്രത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ആ രീതിയില്‍ ചിത്രത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ചത് സുജീഷ് തന്നെയാണ്.

ടെക്‌നിക്കല്‍ വശങ്ങള്‍ കൊണ്ട് സുല്ല് മുന്നിട്ട് നില്‍ക്കുന്നുണ്ട്. സ്റ്റിജിന്‍ സ്റ്റാര്‍വ്യൂവിന്റെ ഫ്രെയ്മുകള്‍, രാഹുല്‍ സുബ്രഹ്മണ്യന്റെ പശ്ചാത്തല സംഗീതം എന്നിവ പല സന്ദര്‍ഭങ്ങളിലും ചിത്രത്തിന് ജീവന്‍ നല്‍കി.

ജീവിതത്തില്‍ നമ്മള്‍ പലപ്പോഴും ഗൗനിക്കാതെയിരിക്കുന്ന പല സന്ദര്‍ഭങ്ങളേക്കുറിച്ചും, പലരേയും കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. പലപ്പോഴും അത് നമ്മുടെ മാതാപിതാക്കള്‍ തന്നെയാണ്. ആ ഒരു നല്ല ആശയം കണ്‍വേയ് ചെയ്യാന്‍ സുല്ലിന് കഴിഞ്ഞിട്ടുണ്ട്. സുല്ലിന് വേണ്ടി നിങ്ങള്‍ക്ക് തീര്‍ച്ചയായും ടിക്കറ്റെടുക്കാം.