സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ സുകു മേനോന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.

തിലകന്‍ പ്രധാന വേഷത്തിലെത്തിയ കളഭമഴയാണ് അവസാന ചിത്രം.1990ല്‍ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് വരുന്നത്. മധു, ജയഭാരതി, ഉര്‍വശി, ബാലന്‍ കെ നായര്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കോമഡി കിങ്ങ് എന്ന ചിത്രവും സുകു മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ആദ്യകാല സംവിധായകന്‍ വേണുവിന്റെ സഹോദരന്‍ കൂടിയാണ് സുകു മേനോന്‍. വേണുവിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി ‘അച്ഛന്‍ തന്ന ഭാര്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ചെന്നൈയില്‍ നടക്കും.