‘സൂഫി പറഞ്ഞ പ്രണയ കഥ’

','

' ); } ?>

ആമസോണ്‍പ്രൈമിലൂടെ ആദ്യ മലയാള സിനിമ ഓണ്‍ലൈന്‍ ആയി റിലീസായിരിക്കുകയാണ്. ഷാനവാസ് നരണിപുഴ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൂഫി സംഗീതത്തിന്റെ അകമ്പടിയോടെ മനോഹരമായ ഒരു പ്രണയകഥപറയാനുള്ള ശ്രമമാണ് സൂഫിയും സുജാതയും. ഭക്തിയും ആരാധനയും പ്രണയവും എല്ലാം ഇഴചേര്‍ത്ത് കഥപറയാനുള്ള പശ്ചാതലമാണ് ഒരുക്കിയത്. മുല്ല ബസാര്‍, ജിന്ന് പള്ളി, പള്ളിയിലെ ഉസ്താദിനെ തേടിയുള്ള സൂഫിയുടെ വരവ് ഇതാണ് കഥാപശ്ചാതലം. സൂഫിയും സുജാതയുമായി പ്രണയത്തിലാകുന്ന ആദ്യപകുതിയിലെ കാഴ്ച്ചകളെല്ലാം മനോഹരമാണ്. ആദ്യ പകുതിയിലെ. വാതില്‍ക്കല് വെള്ളരിപ്രാവ് എന്ന് തുടങ്ങുന്ന ഗാനം മികച്ചു നിന്നു. ബാങ്ക് വിളി പോലും സംഗീതാത്മകമായി അവതരിപ്പിച്ച എം.ജയചന്ദ്രന്റെ സംഗീതവും സൂഫി താളവുമെല്ലാം സിനിമയിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ പ്രണയനഷ്ടവും, വിരഹവേദനയും തുടങ്ങീ മുല്ല ബസാര്‍. ജിന്ന് പള്ളി തുടങ്ങി കഥയാരംഭിച്ച ചുറ്റുപാടുകളില്‍ നിന്ന് പുറത്ത് കടക്കാന്‍ തിരക്കഥാകൃത്തിനോ പ്രേക്ഷകനോ കഴിയുന്നില്ലെന്നതാണ് ചിത്രത്തിന്റെ ന്യൂനത. മലയാളത്തില്‍ അന്യമത പ്രണയവും, പ്രണയതീവ്രതയുമെല്ലാം വരച്ചിട്ട ഒട്ടേറെ ചിത്രങ്ങളുള്ളപ്പോള്‍ ‘സൂഫി പറഞ്ഞ കഥ’ ചിലപ്പോള്‍ ഇഴയുന്നതായും അനുഭവപ്പെട്ടു. അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം, ദീപു ജോസഫിന്റെ എഡിറ്റിംഗ് ഇവയെല്ലാം ചിത്രത്തിനെ മികച്ചതാക്കിയിട്ടുണ്ട്. ദേവ് മോഹനും, അതിഥി റാവുവും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയപ്പോള്‍ പരിമിതമായ ഫ്രെയ്മുകളില്‍ നിന്ന് കൊണ്ട് തന്റെ ക്യാരക്റ്റര്‍ ജയസൂര്യ ഭദ്രമാക്കി. സിനിമയില്‍ സിദ്ദിഖിന്റെ പ്രകടനവും നന്നായിരുന്നു. സൂഫി പശ്ചാതലം മലയാളസിനിമയ്ക്ക് അത്രകണ്ട് പരിചിതമല്ലാത്ത പശ്ചാതലമായിട്ടില്ല എന്ന കൗതുകമാണ് ചിത്രത്തിന്റെ ഏക സവിശേഷത. റൂഹ് പിരിയാന്‍ വയ്യാത്ത പ്രണയത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തില്‍ തൊട്ട് ചിത്രം അവസാനിപ്പിച്ചതും വ്യത്യസ്തമായി.