
‘പരാശക്തി’ സിനിമയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ നടൻ വിജയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി സംവിധായിക സുധ കൊങ്കര. “പരാശക്തിക്ക് പേരില്ലാത്ത ഐഡികൾക്ക് പിന്നിലൊളിച്ച് അപവാദപ്രചാരണം നടക്കുന്നുണ്ടെന്നും, ഇത് എവിടെനിന്ന് ഉദ്ഭവിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും സുധ കൊങ്കര പറഞ്ഞു. കൂടാതെ ഇത്തരം ആക്രമണങ്ങൾ രാഷ്ട്രീയപരമായ കാരണങ്ങളല്ലയെന്നും, സ്വന്തം സിനിമ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യത്തിലുള്ള ചില നടന്മാരുടെ ആരാധകരിൽ നിന്നാണ് ഉണ്ടാകുന്നതാണെന്നും സുധ കൊങ്കര കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുധ കൊങ്കര.
“സിനിമ അതിൻ്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാൽ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കൽ വാരാന്ത്യത്തിൽ കൂടുതൽ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മൾ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. നിങ്ങൾക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാൻ കഴിയാതിരുന്ന ഒരു സിനിമയിലെ നടൻ്റെ ആരാധകരിൽ നിന്നാണ് വരുന്നത്. ഇതാണ് നമ്മൾ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും,” സുധ കൊങ്കര പറഞ്ഞു.
“സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റിനേക്കാൾ പ്രാധാന്യം വിജയ് ആരാധകരോട് മാപ്പ് ചോദിച്ച് അവരിൽ നിന്ന് ‘അപ്പോളജി സർട്ടിഫിക്കറ്റ്’ വാങ്ങുന്നതിലാണെന്നായിരുന്നു ഒരു ആരാധകൻ്റെ പോസ്റ്റ്. വിജയ് ആരാധകർ ക്ഷമിച്ചാൽ മാത്രമേ ചിത്രം ഓടുകയുള്ളൂ എന്ന തരത്തിലുള്ള ഭീഷണികളും ഉയർന്നിരുന്നു.” സുധ കൊങ്കര കൂട്ടിച്ചേർത്തു.
വിജയ് നായകനാകുന്ന ജനനായകൻ്റെ എതിരാളിയായി പൊങ്കലിന് എത്തുമെന്ന് പറഞ്ഞിരുന്ന ചിത്രമാണ് പരാശക്തി. എന്നാൽ സെൻസർഷിപ്പ് പ്രശ്‌നം കാരണം ജനനായകൻ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. 1960-കളിൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ സമരത്തെക്കുറിച്ചുള്ള ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായ ‘പരാശക്തി’ ജനുവരി 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്‌തു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ‘പരാശക്തി’യും പ്രതിസന്ധി നേരിട്ടിരുന്നു. നിശ്ചയിച്ച റിലീസ് തീയതിക്ക് ഒരു ദിവസം മുമ്പ് 25 മാറ്റങ്ങളോടെ, യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ചിത്രം ലാഭകരമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെട്ടത്.