
ഭജൻ സന്ധ്യക്കിടെ ഉന്മാദാവസ്ഥയിലായ സംഭവത്തിൽ പ്രതികരിച്ച് നടി സുധാ ചന്ദ്രൻ. തൻ്റെ ആത്മീയ അനുഭവങ്ങളെക്കുറിച്ച് വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും, തൻ്റെ ആഴത്തിലുള്ള ആത്മീയ അനുഭവം ഇത്തരമൊരു വിവാദത്തിന് വഴിവെക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്നും സുധാ ചന്ദ്രൻ പറഞ്ഞു. കൂടാതെ താൻ ന്യായീകരിക്കാനില്ലെന്നും, ട്രോൾ ചെയ്യുന്നവർ സന്തോഷത്തോടെ ജീവിക്കട്ടെയെന്നും സുധാ ചന്ദ്രൻ കൂട്ടിച്ചേർത്തു. സൂമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഞാൻ ന്യായീകരിക്കാനില്ല. എൻ്റെ ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളുണ്ട്. ഞാൻ ബഹുമാനിക്കുന്ന ചില ബന്ധങ്ങളുണ്ട്. ട്രോൾ ചെയ്യുന്നവർ സന്തോഷത്തോടെ ജീവിക്കട്ടെ. അവരെ ഞാൻ ഒരിക്കലും വകവെയ്ക്കുന്നില്ല. എൻ്റെ വികാരങ്ങളോട് യോജിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവരെയാണ് ഞാൻ ഗൗനിക്കുന്നത്. മറ്റുള്ളവർ എന്ത് പറയും എന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ആകുലപ്പെട്ടിട്ടില്ല.” സുധാ ചന്ദ്രൻ പറഞ്ഞു.
“എന്റെ ജീവിതത്തിൽ, ആളുകൾ എന്തുപറയും എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എൻ്റെ അപകടത്തിന് ശേഷവും, ആളുകൾ പറഞ്ഞത് ഞാൻ മണ്ടത്തരം കാണിക്കുകയാണെന്നാണ്. എന്നാൽ അത് ഒരു വിജയകഥയായി മാറുമ്പോൾ, ആളുകൾ അതിനെക്കുറിച്ച് മാത്രമേ സംസാരിക്കൂ.” സുധ ചന്ദ്രൻ കൂട്ടിച്ചേർത്തു.
ഒരു ഭജൻ പരിപാടിയിൽ പങ്കെടുത്ത സുധാ ചന്ദ്രന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. വെള്ളയും ചുവപ്പും കലർന്ന സാരിയും ഹെഡ്‌ബാൻഡും ധരിച്ചാണ് സുധ ചന്ദ്രൻ ഭജൻ ചടങ്ങിനെത്തിയത്. ചടങ്ങിൽ അവർ അതിയായി വികാരാധീനയാവുകയും, നിയന്ത്രണം നഷ്‌ടപ്പെട്ട് പെരുമാറുകയും ചെയ്യുമ്പോൾ ഒപ്പമുള്ളവർ അവരെ താങ്ങി നിർത്താൻ ശ്രമിക്കുന്നത് കാണാം. ചില ദൃശ്യങ്ങളിൽ അവർ കരയുന്നതായും മറ്റു ചിലതിൽ ഒരാളുടെ കയ്യിൽ കടിക്കുന്നതായും വീഡിയോയിലുണ്ട്. ഇതിനുമുമ്പ് പുറത്തുവന്ന മറ്റുചില ദൃശ്യങ്ങളിൽ അവർ വളരെ ശാന്തമായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതും ഭക്തിയോടെ നൃത്തം ചെയ്യുന്നതും കാണാം.