കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കായുള്ള ആദ്യഘട്ട സ്ക്രീനിങ് പൂര്‍ത്തിയായിരിക്കുകയാണ്. ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, ജയസൂര്യ എന്നിവരാണ് മികച്ച നടനായുള്ള അന്തിമ പോരാട്ടത്തില്‍ എത്തി നില്‍ക്കുന്നതെന്നാണ് സൂചന. ഞാന്‍ പ്രകാശന്, വരത്തന്,കാര്‍ബണ്‍, ഒടിയന്,കായംകുളം കൊച്ചുണ്ണി, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നിവയാണ് താരങ്ങളുടെ പരിഗണനയിലുള്ള ചിത്രങ്ങള്‍. ഇപ്പോഴിതാ ജയസൂര്യയ്ക്ക് സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകന് വിനയന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് വിനയന് തന്റെ ആഗ്രഹം പങ്കുവെച്ചിരിക്കുന്നത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്..
ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം. അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെങ്കിലും ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.