ബാഹുബലിക്ക് ശേഷം അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രവുമായി രാജമൗലി… ‘ആര്‍ ആര്‍ ആര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു…

ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍ എന്നിവരെ നായകാരാക്കി ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രമായ ആര്‍ ആര്‍ ആര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ ഇന്ന് നടത്തിയ പ്രസ് മീറ്റില്‍ വെച്ചാണ് ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. തെലുങ്ക് രാജ്യത്തെ അല്ലൂരി സീതരാമരാജു, കൊമരം ഭീം എന്നീ യോദ്ധാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 1920 കളിലെ പശ്ചാത്തലത്തില്‍ യുദ്ധത്തിന് മുമ്പ് ഇരുവരും ഡെല്‍ഹിയിലുണ്ടായ കാലഘട്ടത്തിലെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. തെന്നിന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലുമായി 2020 ജൂലൈ 30നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രാജമൗലി തന്നെയാണ് നിര്‍വഹിക്കുന്നത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡി പാര്‍വ്വതി ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം ഡിവിവി ധനഞ്ചയയാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സെന്തില്‍ കുമാര്‍, സംഗീതം എം എം കീരവാണി എഡിറ്റിങ്ങ്, ശ്രീകര്‍ പ്രസാദ്, വസത്രാലങ്കാരം രാമ രാജമൗലി എന്നിവര്‍ നിര്‍വഹിക്കും. അതേ സമയം ബാഹുബലി വെബ് സീരീസിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഡിസംബര്‍ ജനുവരിയോടടുത്ത് ഷൂട്ടിങ്ങ് പൂര്‍ത്തിയാവുമെന്നും രാജമൗലി അറിയിച്ചു.

ചിത്രത്തിന്റെ പ്രസ് മീറ്റിന്റെ പൂര്‍ണ വീഡിയോ കാണാം..