“ഓരോ പെൺകുട്ടിയും ഒരു മകളും, കൊച്ചുമകളും, സഹോദരിയും, കൂട്ടുകാരിയും, സഹപ്രവർത്തകയുമാണ്”; എ ഐ ദുരുപയോഗത്തിനെതിരെ പ്രതികരണവുമായി ശ്രീലീല

','

' ); } ?>

എ ഐ ചിത്രങ്ങളുടെ ദുരുപയോഗത്തിനെതിരെ പ്രതികരിച്ച് നടി ശ്രീലീല. എഐ ദുരുപയോഗത്തെ സംബന്ധിച്ച വിവരങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ നടപടികൾ സ്വീകരിക്കുമെന്നും ശ്രീലീല പറഞ്ഞു. കൂടാതെ എഐ ഉപയോഗിച്ച് സൃഷ്‌ടിച്ച അസംബന്ധങ്ങളെ പിന്തുണയ്ക്കരുതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കളോടും ശ്രീലീല അഭ്യർത്ഥിക്കുകയും ചെയ്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘എഐ ഉപയോഗിച്ച് സൃഷ്‌ടിച്ച അസംബന്ധങ്ങളെ പിന്തുണയ്ക്കരുതെന്ന് ഞാൻ എല്ലാ സാമൂഹികമാധ്യമ ഉപയോക്താക്കളോടും അഭ്യർഥിക്കുകയാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ദുരുപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. എൻ്റെ അഭിപ്രായത്തിൽ, സാങ്കേതിക വിദ്യയുടെ പുരോഗതി ഉപയോഗിക്കേണ്ടത് ജീവിതം ലളിതമാക്കാനാണ്, സങ്കീർണ്ണമാക്കാനല്ല. ഓരോ പെൺകുട്ടിയും ഒരു മകളും കൊച്ചുമകളും സഹോദരിയും കൂട്ടുകാരിയും സഹപ്രവർത്തകയുമാണ്. സുരക്ഷിതമായ സാഹചര്യത്തിലാണെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ പ്രേക്ഷകർക്ക് വിനോദം പ്രദാനംചെയ്യുന്ന ഇൻഡസ്ട്രിയുടെ ഭാഗമാവുന്നത്. എന്റെ തിരക്കിട്ട ജീവിതം കാരണം ഓൺലൈനിൽ നടക്കുന്ന പല കാര്യങ്ങളും ഞാൻ അറിഞ്ഞിരുന്നില്ല. ഇത് ശ്രദ്ധയിൽ കൊണ്ടുവന്നതിന് എന്റെ അഭ്യുദയകാംക്ഷികൾക്ക് നന്ദി.’ ശ്രീലീല കുറിച്ചു.

‘ഞാൻ കാര്യങ്ങളെ സംയമനത്തോടെ സ്വീകരിച്ച്, എൻ്റെ ലോകത്തേക്ക് ഒതുങ്ങാറുണ്ടായിരുന്നു. പക്ഷേ, ഇത് വേദനാജനകവും വിനാശകരവുമാണ്. എന്റെ സഹപ്രവർത്തകർ പലരും ഇതേ അവസ്ഥയിലൂടെ കടന്നുപോവുന്നതായി ഞാൻ മനസിലാക്കുന്നു. ഞാൻ സംസാരിക്കുന്നത് എല്ലാവർക്കുംവേണ്ടിയാണ്. പ്രേക്ഷകരിൽ വിശ്വാസമർപ്പിച്ച്, ആത്മാഭിമാനത്തോടേയും അന്തസ്സോടേയും ഞങ്ങൾക്കൊപ്പം നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു.’ ശ്രീലീല കൂട്ടിച്ചേർത്തു.

എഐ ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നതിനെതിരേ ശക്തമായ താക്കീതുമായി നടി നിവേദ തോമസ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇത് നിയമവിരുദ്ധവും സ്വകാര്യതയുടെ ഗുരുതരമായ ലംഘനവുമാണെന്നും നടി സാമൂഹികമാധ്യമങ്ങളിലെ കുറിപ്പിൽ മുന്നറിയിപ്പ് നൽകി. സമാന പ്രതികരണവുമായി നടി കീർത്തി സുരേഷും നേരത്തേ രംഗത്തെത്തിയിരുന്നു. കൂടാതെ സായി പല്ലവി, പ്രിയങ്ക മോഹൻ, ഐശ്വര്യ റായ് തുടങ്ങിയ താരങ്ങൾ ശക്തമായ താക്കീതുകൾ തന്റെ ആരാധകർക്ക് നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇതിൽ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ചിരഞ്ജീവി തുടങ്ങിയ താരങ്ങൾ ഇത്തരം നടപടിക്കെതിരെ കോടതിയിൽ ഹർജി നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു.