“അറിയാത്ത കാര്യങ്ങൾ എഴുതി കയ്യടി നേടാൻ ശ്രമിയ്ക്കരുത്”; ജി വേണുഗോപാലിനെതിരെ ശ്രീകുമാരൻ തമ്പി

','

' ); } ?>

നടൻ മധുവിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച കുറിപ്പിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. വ്യക്തമായ ധാരണയില്ലാതെ പ്രമുഖരായ വ്യക്തികളെക്കുറിച്ച് പലപ്പോഴും തെറ്റായ കാര്യങ്ങൾ വേണുഗോപാൽ എഴുതാറുണ്ടെന്നും, അത്തരത്തിൽ ധുവിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് പോസ്റ്റിൽ വേണുഗോപാൽ എഴുതിയതെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരൻ തമ്പി വിമർശനം രേഖപ്പെടുത്തിയത്.

“വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം വേണുഗോപാലിനുണ്ട്. ഒന്ന് രണ്ടു അനുഭവങ്ങൾ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുണ്ട്. മധു എന്ന അതുല്യ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടിൽ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് കണ്ടു. മധു ചേട്ടന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ജി വേണുഗോപാൽ എഴുതിയത് മുഴുവൻ ശുദ്ധ അസംബന്ധമാണ്. ഒരു വലിയ കൂട്ടൂ കുടുംബത്തിന്റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരൻ വേണുഗോപാൽ ഏകനും അനാഥനുമുമായി ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടൻ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റിൽ ഉണ്ട് വേണുഗോപാലിനെ പോലുള്ളവർ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല”. ശ്രീകുമാരൻ തമ്പി പറഞ്ഞു

“വേണുഗോപാൽ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടൻ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കൾ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാൽ മധുച്ചേട്ടൻ സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നൽകിയിട്ടുള്ളൂ. അദ്ദേഹം അഭിനയിച്ചു സമ്പാദിച്ച പണം കൊണ്ടാണ് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. തിരുവനന്തപുരത്തെ ഉമാ സ്റ്റുഡിയോ ഏഷ്യാനെറ്റിന് വിറ്റു കിട്ടിയ പണവും അദ്ദേഹം പാഴാക്കുകയോ സിനിമയിൽ നിക്ഷേപിക്കയോ ചെയ്തില്ല. സിനിമാ നിർമ്മാണവും മധു ചേട്ടന് നഷ്ടമൊന്നും വരുത്തിയിട്ടില്ല. സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലാത്ത വേണുഗോപാലിന് അതു പറഞ്ഞാലും മനസ്സിലാവില്ല. വേണുഗോപാലിനോട് എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട്. സിനിമാ രംഗത്തും സംഗീതരംഗത്തുമുള്ളവരെയുമൊക്കെ കുറിച്ച് അവിടുന്നും ഇവിടുന്നുമൊക്കെ പാതി കേട്ട് പിന്നെ അതു പൊലിപ്പിച്ച് ഗോസിപ്പാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്‌ ഒരു ഫാഷനായി ചിലർ കൊണ്ടു നടക്കുന്ന ഈ കാലത്ത് മധു ചേട്ടനെ പോലുള്ളവരെ കുറിച്ച് അറിയാത്ത കാര്യങ്ങൾ എഴുതി കയ്യടി നേടാൻ ശ്രമിയ്ക്കരുത്”. ശ്രീകുമാരൻ തമ്പി കൂട്ടി ചേർത്തു.