നടി ശ്രീദേവിയുടെ മരണം അപകട മരണമല്ല കൊലപാതകമാവാനാണ് സാധ്യതയെന്ന് അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോടു പറഞ്ഞിരുന്നതായി ഡിജിപി ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍.
അത്തരം കള്ളക്കഥകളോട് പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ബോണി കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരം കഥകള്‍ അടിസ്ഥാനപരമായി ആരുടെയെങ്കിലും ഭാവനയില്‍ നിന്ന് ഉരുത്തിരിയുന്നതാണെന്നും അദ്ദേഹം പറയുന്നു.
ദുബായില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയിലെ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.
അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതക മരണമാവാനാണ് സാദ്ധ്യതയെന്നും ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ’ എന്നായിരുന്നു ഋഷിരാജ് സിംഗിന്റെ വാക്കുകള്‍.