
പൃഥ്വിരാജ് സുകുമാരനെ അഭിനന്ദിച്ച് സംവിധായകൻ എംഎ നിഷാദ്. കളമശേരിയിലെ കാർഷികോത്സവത്തിൻ്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തപ്പോൾ രാജ്യത്തെ കർഷകർക്കും കാർഷികവൃത്തിക്കുംവേണ്ടി സംസാരിച്ചതിനായിരുന്നു അഭിനന്ദനം. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നിഷാദിന്റെ പ്രതികരണം. ഉദ്ഘാടനം ചെയ്ത് സംസാരിച്ച പൃഥ്വിരാജിന്റെ വിഡിയോയ്ക്കൊപ്പം രാജ്യത്ത് ആദ്യമായി കർഷക ആത്മഹത്യ പ്രമേയമാക്കിയെടുത്ത തന്റെ സിനിമയിൽ പൃഥ്വിരാജ് നായകനായ സംഭവവും എംഎ നിഷാദ് കുറിപ്പിൽ പങ്കുവച്ചു.
“ഒരുപാട് അഭിമാനം തോന്നി. വർഷം 2006 സിനിമയുടെ പേര്- ‘പകൽ’ സംവിധായകൻ-എം.എ നിഷാദ്. നായകൻ – പൃഥ്വിരാജ്. ഇന്ത്യയിൽ ആദ്യമായി കർഷക ആത്മഹത്യയെ ഇതിവൃത്തമാക്കി ഒരുക്കിയ മലയാള സിനിമ, അതായിരുന്നു ‘പകൽ’. പൃഥ്വിരാജ് ഇന്ന് നടത്തിയ പ്രസംഗത്തിൽ എവിടെയോ പകലിലെ നന്ദകുമാറിനെ ഓർമ്മപ്പെടുത്തി. മറവിയുടെ ചാരം വന്ന് മൂടിയാലും. ചില ഓർമ്മകൾ മറക്കാനുള്ളതല്ലല്ലോ. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ഒരു മമ്മൂട്ടി സിനിമയുടെ ടൈറ്റിൽ ഇങ്ങനെയാണ്. ‘ഓർമ്മകൾ ഉണ്ടായിരിക്കണം’. നിഷാദ് കുറിച്ചു.
“ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സാമൂഹിക പ്രസക്തമായിരിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെയാണ് കർഷക ആത്മഹത്യ വിഷയമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചത്. പകലിലെ പ്രധാന കഥാപാത്രമായ മാധ്യമപ്രവർത്തകൻ നന്ദകുമാറിന് എൻ്റെ മനസ്സിൽ പൃഥ്വിരാജിൻറെ രൂപമായിരുന്നു.’പകൽ’ ഒരുപാട് ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ്, മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കണ്ട സിനിമ എന്ന പ്രത്യേകതയും പകലിന് സ്വന്തം. ഷോ കണ്ടിറങ്ങിയ വി എസ്,എൻ്റെ കൈ പിടിച്ച് അഭിനന്ദിച്ചത് ഇന്നും എനിക്ക് നിറമാർന്ന ഓർമയും അനർഘ നിമിഷങ്ങളുമാണ്. നവാഗത സംവിധായകനുളള ക്രിട്ടിക്സ് അവാർഡുൾപ്പടെ ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പകലിന് അംഗീകാരം ലഭിച്ചു. പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങളിൽ എന്തുകൊണ്ടും വ്യത്യസ്ത പുലർത്തിയിരുന്നു. പകലിലെ നന്ദകുമാർ. ‘വാസ്തവം’, ‘പകൽ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു പൃഥ്വിരാജ് മികച്ച നടനുളള സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെട്ടതും, ‘വാസ്തവ’ത്തിലെ പ്രകടനത്തിന് അവാർഡ് ലഭിച്ചതും”. നിഷാദ് കൂട്ടിച്ചേർത്തു.