‘ഗുഡ് ബാഡ് അഗ്ലി’ ക്കെതിരെ ഇളയരാജയുടെ നിയമനടപടി: ചർച്ചയായി സംഗീതസംവിധായകന്‍ ദേവയുടെ പഴയ അഭിമുഖം

','

' ); } ?>

വീണ്ടും ചർച്ചയായി സംഗീതസംവിധായകന്‍ ദേവയുടെ പഴയ അഭിമുഖം. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ക്കെതിരെ സംഗീതസംവിധായകന്‍ ഇളയരാജ പകര്‍പ്പവകാശ ലംഘനത്തിനായി നിയമനടപടി സ്വീകരിച്ച സംഭവത്തിലാണ് അഭിമുഖം വീണ്ടും ചർച്ചയാകുന്നത്. താന്‍ സംഗീതം ഒരുക്കിയ ഗാനങ്ങള്‍ നിര്‍മാതാക്കള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് ഇളയരാജയുടെ ആരോപണം. 5 കോടി രൂപ നഷ്ടപരിഹാരമായി അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന സംഭവങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. പ്രഭുദേവ നായകനായ ‘ഏഴയിന്‍ സിരിപ്പില്‍’ എന്ന സിനിമയിലെ ‘കറുകറു കറുപ്പായി’ എന്ന സ്വന്തം ഹിറ്റ് ഗാനം വിജയ് ചിത്രം ‘ലിയോ’യിൽ പുനരുപയോഗിച്ചതുമായി ബന്ധപ്പെട്ടിട്ടായിരുന്നു ദേവയുടെ പ്രതികരണം.
“കോപ്പിറൈറ്റ് ചോദിച്ചാൽ പണം മാത്രമേ കിട്ടൂ, അംഗീകാരം കിട്ടില്ല. ഇനി ആളുകള്‍ എന്നെ തിരിച്ചറിയുന്നു, അത് തന്നെ പ്രധാനം. പുതിയ തലമുറയെത്തന്നെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതാണ് വലിയതെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നാണ് ദേവ അന്ന് വ്യക്തമാക്കിയത്.

അതേസമയം, ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. സിനിമയിൽ ഉപയോഗിച്ച ഗാനങ്ങൾക്ക് ആവശ്യമായ അനുമതികൾ മ്യൂസിക് ലേബലുകളിൽ നിന്നും തന്നെ വാങ്ങിയിട്ടുണ്ടെന്ന് നിര്‍മാതാക്കളിൽ ഒരാളായ യലമഞ്ചിലി രവിശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കി. ഇതുവരെ നിരവധി തവണ ഇളയരാജ തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സ്‌റ്റേജ് ഷോകള്‍ ഉള്‍പ്പെടെ പല സാഹചര്യങ്ങളിലും അദ്ദേഹം നിയമനടപടികളിലേര്‍പ്പെട്ടിട്ടുണ്ട്. ഗാനങ്ങളുടെ പകര്‍പ്പവകാശം കൈവശമുള്ളവര്‍ അനുമതി നല്‍കിയശേഷം മാത്രമാണ് തന്റെ സൃഷ്ടികള്‍ ഉപയോഗിക്കേണ്ടതെന്നും ഇളയരാജ കുറേ നേരത്തെ തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.