
8 മണിക്കൂർ ജോലിയെന്ന നടി ദീപിക പദുക്കോണിന്റെ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് നടിയും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. ഒരു അഭിനേതാവിന് നിർമാതാവിന്റെ പ്രതിബദ്ധതയെ മാനിക്കാതിരിക്കാനോ ‘ഇഷ്ടപ്പെടാത്തതിനാൽ’ ജോലി ഒഴിവാക്കാനോ കഴിയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. അത്തരം പെരുമാറ്റം പ്രൊഫഷണലി അസ്വീകാര്യമാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. ‘ഇന്ത്യ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ദീപക മുന്നോട്ട് വച്ച ആവശ്യങ്ങള്‍ വ്യക്തിപരമായ പ്രശനമാണ്. അതിനെ ചൊല്ലി പല വിവാദങ്ങളും ഉണ്ടാകുന്നുണ്ട്. അതിനൊക്കെ പിന്നിൽ വാണിജ്യ താല്പര്യങ്ങളാണ്. അത്തം മണ്ടത്തരങ്ങളില്‍ ഏർപ്പെടാന്‍ മാത്രം ഞാൻ നിഷ്കളങ്കയല്ല. രണ്ട് തവണ ഗർഭിണിയായിരുന്നപ്പോഴും ഞാൻ ജോലി ചെയ്തിരുന്നു. കാരണം ഒരു യുവ വനിതാ നിർമാതാവിന് ഇതുപൊലൊരു (ക്യുങ്കി സാസ് ഭി കഭി ബഹു തീ) ഐക്കോണിക്ക് ഷോ ലഭിക്കണമെങ്കില്‍ ഒരു അഭിനേതാവെന്ന നിലയില്‍ ‘ഈ കപ്പല്‍ മുന്നോട്ട് പോകുന്നു’ എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു”. സ്മൃതി ഇറാനി പറഞ്ഞു.
“ഞാന്‍ കൃത്യമായി എത്തിയില്ലെങ്കില്‍ അത് നിർമാതാവിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് എനിക്ക് അറിയാം. അത് നീതിയല്ല. ഞാൻ ജോലിക്ക് വന്നില്ലെങ്കിൽ, 120 പേർക്ക് ആ ദിവസം ശമ്പളം ലഭിക്കില്ല. 120 കുടുംബങ്ങളോട് കാട്ടുന്ന അനീതിയാണത്. ഒരു കുട്ടി വേണമെന്ന് തീരുമാനിച്ചാല്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്”. സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്മൃതി ഇറാനി ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരയില്‍ സജീവമാണ്. 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യപ്പെട്ട ജനപ്രിയ ടിവി പരമ്പരയായ ‘ക്യുങ്കി സാസ് ഭി കഭി ബഹു തീ’യുടെ രണ്ടാം ഭാഗത്തിലാണ് സ്മൃതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറെ പ്രശസ്തി നേടിക്കൊടുത്ത ‘തുളസി’ എന്ന കഥാപാത്രമായി തന്നെയാണ് സ്മൃതിയുടെ തിരിച്ചുവരവ്.
എന്നാൽ തന്റെ പ്രസ്താവനയെ ചൊല്ലി വന്ന വിവാദങ്ങളിൽ ദീപിക തന്റെ പ്രതികരണം അറിയിച്ചിരുന്നു. ഇന്ത്യയിലെ പല മെയിൽ സൂപ്പർതാരങ്ങളും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അതൊരിക്കലും ഒരു വാർത്തയായി മാറുന്നില്ലെന്നും ദീപിക പറഞ്ഞിരുന്നു. കൂടാതെ തന്റെ പോരാട്ടങ്ങൾ നിശബ്ദമായിട്ടാണെന്നും, മാന്യമായി പോരാടുക എന്നതാണ് തന്റെ രീതിയെന്നും ദീപിക പറഞ്ഞു. നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സന്ദീപ് റെഡ്ഡിയുടെ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റി’ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. കൽക്കിയിൽ നിന്ന് കൂടി ദീപികയെ ഒഴിവാക്കിയതോടെ നടിയുടെ ഡിമാന്റുകൾക്ക് നേരെ വലിയ രീതിയിലുള്ള വിമർശനമായിരുന്നു നേരിട്ടത്.