രാജ്യാന്തരകീര്‍ത്തി നേടിയ സ്റ്റില്‍ ഫോട്ടോഗ്രാഫറും , ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനും , ചലച്ചിത്ര ഛായാഗ്രാഹകനും , നിര്‍മ്മാതാവും കലാസംവിധായകനുമായ ശിവന്‍ (89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രതിഭകളായ സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, സഞ്ജീവ് ശിവന്‍, സരിത രാജീവ് ഉദയഭാനു എന്നിവര്‍ മക്കളാണ്. ഭാര്യ : ചന്ദ്രമണി. മൂന്ന് ദേശീയ അവാര്‍ഡുകള്‍ നേടിയ യാഗം (1981 ) മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന , ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഭയം ( 1991 ) കൊച്ചു കൊച്ചു മോഹങ്ങള്‍ ( 1993 ), ഒരു യാത്ര ( 1999 ), കിളിവാതില്‍ ( 2008 ,) മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന , ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കേശു ( 2009 ) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മിക്ക സിനിമകളും വിവിധ ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരങ്ങള്‍ നേടിയവയാണ്.
1972 ല്‍ ബാബു നന്ദന്‍കോടിന്റെ സംവിധാനത്തില്‍ ശിവന്‍ നിര്‍മ്മിച്ച സ്വപ്നം നാല് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി . 1993 ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ ജോണി എന്ന സിനിമയും നിര്‍മ്മിച്ചു. മലയാളത്തിന്റെ ക്ലാസിക് ആയ ‘ ചെമ്മീന്‍ ‘ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്‍ ആയിരുന്നു. കയ്യും തലയും പുറത്തിടരുത് ( സംവിധാനം പി ശ്രീകുമാര്‍ വര്‍ഷം 1985 ), ഇലഞ്ഞിപ്പൂക്കള്‍ ( സംവിധാനം സന്ധ്യാ മോഹന്‍ 1986 ), അപരാഹ്നം ( സംവിധാനം എം പി സുകുമാരന്‍ നായര്‍ 1990 ) എന്നീ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ചു. മലയാളത്തിലെ ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫര്‍ എന്നാണ് അറിയപ്പെടുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു , ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് , ജയപ്രകാശ് നാരായണ്‍, ലാല്‍ ബഹുദൂര്‍ ശാസ്ത്രി , സക്കീര്‍ ഹുസൈന്‍ , ഇന്ദിര ഗാന്ധി എന്നിവര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രധാന യാത്രകളില്‍ അനുഗമിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു .
കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ രൂപീകരണത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 16 എംഎം ക്യാമറയില്‍ രക്തസാക്ഷികള്‍ , മന്നത്ത് പത്മനാഭന്‍ , വിവേകാന്ദ സ്തുതി , Land of onam , Labour weekഎന്നീ ഡോക്യൂമെന്ററികള്‍ ശിവന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തു . 35 എം എം ക്യാമറയില്‍ ചെയ്ത An invitation to Nature’s Paradise എന്ന ഡോക്യൂമെന്ററിക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് സലില്‍ ചൗധരി ആയിരുന്നു. ഫോട്ടോ ജേര്‍ണലിസം, സിനിമ, നാടകം, ഡോക്യൂമെന്ററി രംഗങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു. ഒട്ടേറെ വണ്‍മേന്‍ ഷോ ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ ആദ്യ കാലത്ത് നടത്തിയിരുന്നു .
നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാന്‍ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അച്ചടിച്ചുവന്നിരുന്നു. 1959ല്‍ തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ തുടങ്ങി. ശിവന്‍സ് സ്റ്റുഡിയോ 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ 2019 ല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം കേരളത്തിന്റെ ഛായാഗ്രഹണ ചരിത്രം ഇങ്ങിനെ പങ്കുവെച്ചു. ‘ കഴിഞ്ഞ അറുപത് വര്‍ഷത്തിലെ ഓരോ ദിവസവും അധ്വാനത്തിന്റേതായിരുന്നു. അന്നൊന്നും പലതും ഇത്ര എളുപ്പമായിരുന്നില്ല. ഡോക്യുമെന്ററിയായിരുന്നു ലക്ഷ്യം. പക്ഷേ അന്നൊക്കെ വീഡിയോ ക്യാമറ ഉപയോഗിക്കാന്‍ ഉന്നതതല അനുമതി വേണം. നടക്കാത്ത കാര്യത്തിനാണ് ശ്രമിക്കുന്നതെന്ന് പലരും പറഞ്ഞു. അഞ്ചുവര്‍ഷത്തിന് ശേഷം ലൈസന്‍സ് കിട്ടി. ആ ക്യാമറയിലാണ് ‘സ്വപ്നം’ സിനിമ ചെയ്തത്. ശിവന്റെ ജീവിതം, ഡോക്യുമെന്ററിയായി മകന്‍ സന്തോഷ് ശിവന്‍ അണിയിച്ചൊരുക്കുകയാണ്.