
തെന്നിന്ത്യൻ സിനിമാലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് നടൻ വിജയും നടി തൃഷ കൃഷ്ണനും തമ്മിലുള്ള ബന്ധം. ഏറെ നാളായി പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് പുതിയ വെളിപ്പെടുത്തലുകൾ നൽകിയിരിക്കുകയാണ് ഗായത്രി സുചിത്ര. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൃഷയെ ‘ഇത്തിക്കണ്ണി’ എന്ന് വിശേഷിപ്പിച്ച സുചിത്ര, വിജയ്‌യുടെ നിലവിലെ സാഹചര്യങ്ങളെയും രാഷ്ട്രീയ നീക്കങ്ങളെയും രൂക്ഷമായി വിമർശിച്ചു.
വിജയോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞ സുചിത്ര, എന്നാൽ തൃഷയോടുള്ള വിയോജിപ്പ് ഒട്ടും മറച്ചുവെച്ചില്ല. വിജയ് ഇപ്പോൾ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ചാണ് സുചിത്ര പ്രധാനമായും സംസാരിച്ചത്. താരം തന്റെ ബന്ധുക്കളിൽ നിന്നും ഭാര്യയിൽ നിന്നും അകന്നു കഴിയുകയാണെന്നും, ഇത്തരത്തിൽ ഒറ്റപ്പെടുന്ന വ്യക്തിത്വങ്ങളുടെ ജീവിതത്തിലേക്ക് ‘പരാദങ്ങൾ’ കടന്നുകൂടുമെന്നുമാണ് സുചിത്രയുടെ ഗുരുതരമായ ആരോപണം. വിജയ് ഇതുവരെ ശരിയായ രീതിയിലുള്ള ഒരു ആത്മപരിശോധനയ്ക്കും മുതിർന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അഭിനേതാവ് എന്ന നിലയിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള വിജയിയുടെ ചുവടുമാറ്റത്തെക്കുറിച്ചും സുചിത്രയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ പിന്തുണ അനിവാര്യമാണെന്ന് അവർ നിരീക്ഷിക്കുന്നു. രാഷ്ട്രീയത്തിന്റെ ആഴക്കടലുകളിൽ വിജയിയെ കൃത്യമായി നയിക്കാൻ പിതാവിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹത്തിന്റെ പിന്തുണയില്ലെങ്കിൽ രാഷ്ട്രീയത്തിൽ വിജയിക്ക് കാര്യമായൊന്നും നേടാനാവില്ലെന്നും സുചിത്ര പറഞ്ഞു.
വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ തൃഷയും വിജയിയും ഒരുമിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു ഈ സംഭവം. 27 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ വിശ്വസ്‌തതയില്ലായ്‌മ, മാനസിക വിഷമം എന്നിവ കാരണമായി ചൂണ്ടിക്കാട്ടി 2025 ഡിസംബറിലാണ് ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയത്. ചെങ്കൽപട്ട് ഫാമിലി വെൽഫെയർ കോടതിയിൽ നടക്കുന്ന ഈ കേസിൻ്റെ അടുത്ത വാദം ജൂൺ 15നാണ് നിശ്ചയിച്ചിരിക്കുന്നത്.
തൃഷയുടെ മുൻകാല നിലപാടുകളും ഈ സാഹചര്യത്തിൽ ചർച്ചയാകുന്നുണ്ട്. ബിസിനസുകാരൻ വരുൺ മണിയനുമായുള്ള വിവാഹനിശ്ചയം അഭിനയം നിർത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് തൃഷ വേണ്ടെന്നു വെച്ചത്. തന്റെ അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് തൃഷ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ വിവാദങ്ങളിൽ വിജയൊ തൃഷയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും തമിഴ് സിനിമയിലെ ഈ ജനപ്രിയ ജോഡികളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്.