
കല്യാണി പ്രിയദര്ശന് ചിത്രം ലോകയെ ഉദാഹരണമാക്കി സിനിമാ മേഖലയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിച്ച് ഗായിക ചിന്മയി ശ്രീപദ. ശാന്തി ബാലചന്ദ്രൻ ‘ലോക’യുടെ തിരക്കഥാ രചനയിൽ പങ്കാളിയായത് ചൂണ്ടിക്കാട്ടിയായിരുന്നു ചിന്മയിയുടെ വാക്കുകൾ. ഡിടി നെക്സ്റ്റിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“കാലക്രമേണ, മുഖ്യധാരാ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും അവർ പറയുന്ന സംഭാഷണങ്ങളെക്കുറിച്ചും നൽകുന്ന സന്ദേശങ്ങളെക്കുറിച്ചും കൂടുതൽ ബോധവാന്മാരായിട്ടുണ്ട്. കാരണം ഇന്നത്തെ കാലത്ത് അതൊന്നും ശരിയായ രീതിയിൽ സ്വീകരിക്കപ്പെടണമെന്നില്ല എന്ന് അവർക്കറിയാം. റേപ്പ് ജോക്കുകളോ, മുഖ്യധാരാ നായകന്മാർ സ്ത്രീകളെ സ്റ്റോക്ക് ചെയ്യുന്നതോ, അതിനെ മഹത്വവത്കരിക്കുന്നതോ ഇന്ന് സിനിമകളിൽ അധികം കാണാൻ കഴിയില്ല. അന്നത്തെ ആളുകൾ അവർ ചെയ്യുന്ന കാര്യങ്ങളുടെ പ്രത്യാഘാതം പൂർണ്ണമായും മനസിലാക്കിയെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ദുരുദ്ദേശ്യമുണ്ടായിരുന്നിരിക്കില്ല. പക്ഷേ, അതിന്റെ പ്രത്യാഘാതം ദോഷകരമായിരുന്നു.
ചിന്മയി പറഞ്ഞു.
‘ഇപ്പോൾ ഒരുപാട് സ്ത്രീകൾ സിനിമാ എഴുത്തിലേക്ക് വരുന്നുണ്ട്. ഉദാഹരണത്തിന്, ‘ലോക’ പോലുള്ള സിനിമകൾ. ഇന്നത്തെ കാലത്ത് ജാതി വിരുദ്ധ സിനിമകൾക്ക് കൂടുതൽ ഇടം ലഭിക്കുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. അതെല്ലാം ചർച്ച ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ട വിഷയങ്ങളാണ്. സത്യം പറഞ്ഞാൽ, നമ്മുടെ ചിന്താരീതിയെ ശരിക്കും മാറ്റിമറിക്കുന്ന സിനിമകൾ ഒരുപാടൊന്നും ഇപ്പോഴും വന്നിട്ടില്ല. എങ്കിലും നമ്മൾ ഒരു നല്ല ദിശയിലേക്കാണ് നീങ്ങുന്നത്’- ചിന്മയി കൂട്ടിച്ചേർത്തു.