“നടിയാകാൻ ആഗ്രഹിച്ച വിജയലക്ഷ്മി, നൊമ്പരമായി മാറിയ സിൽക്ക്”; ഓർമപ്പൂക്കൾ

','

' ); } ?>

കണ്ണുകൾ കൊണ്ട് മനോഹരമായി അഭിനയിക്കുന്ന ഒരു പെൺകുട്ടി, ഇന്ത്യൻ സിനിമയിലെ മറ്റൊരു സാവിത്രിയാകണമെന്ന് അതിയായി ആഗ്രഹിച്ച നർത്തകി. അഭിനയവും ചടുലതയും വശ്യമായിരുന്നിട്ടും, മുൻ നിര നായികപട്ടങ്ങളിലേക്ക് ആ പെൺകുട്ടിയുടെ പേരൊരിക്കലും പ്രേക്ഷകരെഴുതി ചേർത്തില്ല. വർഷങ്ങൾക്കിപ്പുറവും നക്ഷത്ര കണ്ണുള്ള ആ പെൺകുട്ടിയുടെ ജീവിതവും മരണവും ദുരൂഹതയിലാണ്. പറഞ്ഞ് വരുന്നത് തെന്നിന്ത്യയിലെ താര സുന്ദരി ‘സിൽക്ക് സ്മിത’യെ കുറിച്ചാണ്. വെറും 36 ആം വയസ്സിൽ ജീവിതം അവസാനിപ്പിച്ച നായിക. സിൽക്കിന്റെ ഓർമകൾക്ക് ഇന്ന് 29 വയസ്സാണ്. മരണം കൊണ്ട് അവരവിശേഷിപ്പിച്ച് പോയ ചോദ്യത്തിനും, ദുരൂഹതയ്ക്കും ഇന്നും ഉത്തരമില്ല. കഴിവിനപ്പുറത്തേക്ക് സ്ത്രീ ശരീരത്തെ ചൂഴ്ന്നെടുക്കാൻ വെമ്പുന്ന കലാലോകത്തിന്റെ വേദനയുള്ള പ്രതീകമായി സിൽക്കിന്നും ഓർമകളിൽ മനോഹരമാണ്. തെന്നിന്ത്യയിലെ നക്ഷത്രക്കണ്ണുള്ള നർത്തകിക്ക് സെല്ലുലോയ്ഡിന്റെ ഓർമ്മപ്പൂക്കൾ.

ചലച്ചിത്രചരിത്രത്തിൽ ചില പേരുകൾ വെറും അഭിനേതാക്കളായോ താരങ്ങളായോ മാത്രം രേഖപ്പെടുത്തപ്പെടുന്നില്ല. അവർ ഒരു കാലഘട്ടത്തിന്റെ പ്രതീകങ്ങളായി മാറുന്നു. അവരുടെ ജീവിതവും മരണവും വരെ നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള പ്രതിഫലനങ്ങൾയായി നിലകൊള്ളുന്നു. അത്തരം ഒരാൾ തന്നെയായിരുന്നു ‘വിജയലക്ഷ്മി വഡ്‌ലപട്‌ല’ എന്ന സിൽക്ക് സ്മിത. 1960 ഡിസംബർ 2-ന് ആന്ധ്രാപ്രദേശിലെ കൊവ്വാലി ഗ്രാമത്തിൽ ജനിച്ച ഒരു സാധാരണ പെൺകുട്ടി, 1990-കളിലെ ദക്ഷിണേന്ത്യൻ സിനിമകളുടെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ‘സെക്സ് സിംബൽ’ ആയി മാറിയ കഥ മുത്തശ്ശി കഥയേക്കാൾ ത്വരിതമാണ്.

സിൽക്കിന്റെ ജനനം വലിയൊരു ആഘോഷമൊന്നുമല്ലായിരുന്നു. ദാരിദ്ര്യത്തിന്റെ ഭാരത്തിൽ വിറങ്ങലിച്ചിരുന്ന കുടുംബം നാലാം ക്ലാസ്സുവരെ മാത്രമേ അവളെ പഠിക്കാനനുവദിചൊള്ളൂ. പത്തു വയസ്സ് തികയുന്നതിന് മുമ്പേ സ്കൂൾ വിടേണ്ടി വന്നത് അവളുടെ കണ്ണുകളിലെ കുഞ്ഞു നിറങ്ങളെ വേദനിപ്പിച്ചു. അമ്മയെ വീട്ടുപണികളിൽ സഹായിച്ചും, കാലം ചിലവഴിച്ചും, ബാല്യകാലത്തെ സ്വപ്നങ്ങൾ അപ്രത്യക്ഷമാക്കി. അവളെ ‘ഒരു ഭാരമായി’ മാത്രം കണ്ട കുടുംബവും, സമൂഹവും പതിനാലാം വയസ്സിൽ അവളെ വിവാഹിതയാക്കി. എന്നാൽ ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരത സഹിക്കാൻ കഴിയാതെ അവൾ വീട് വിട്ടിറങ്ങി. അതോടെ, ജീവിതത്തിന്റെ പുതിയൊരു വഴിത്തിരിവിലേക്കാണ് വിജയലക്ഷ്മി നടന്നു നീങ്ങിയത്.

ചെന്നൈയിൽ എത്തിയ ശേഷമാണ് സിനിമയുടെ ലോകവുമായി സിൽക്ക് പരിചയം തുടങ്ങിയത്. ആദ്യകാലത്ത് മേക്കപ്പ് ആർട്ടിസ്റ്റായും ചില ചെറിയ വേഷങ്ങളിലൂടെയും സിനിമയിൽ ഇടം കണ്ടെത്താൻ ശ്രമിച്ചു. ഈ സമയത്താണ് സംവിധായകൻ വിനു ചക്രവർത്തി അവളെ കണ്ടുമുട്ടുന്നത്. അവരുടെ പ്രോത്സാഹനത്തോടെയാണ് വിജയലക്ഷ്മി അഭിനയത്തിനും നൃത്തത്തിനും പ്രത്യേകം പരിശീലനം നേടിയത്.

1981-ൽ പുറത്തിറങ്ങിയ ‘ആന്റണി ഈസ്റ്റ്മാന്റെ മലയാളചിത്രം ‘ഇണയേ തേടി’യാണ് സിൽക്കിന്റെ ആദ്യ ചിത്രം. അതിലൂടെ വലിയ നേട്ടമൊന്നും ലഭിച്ചില്ലെങ്കിലും, അടുത്ത വർഷം വന്ന തമിഴ് ചിത്രം ‘വണ്ടിച്ചക്രം’ അവളുടെ ജീവിതം പൂർണ്ണമായും മാറ്റിമറിച്ചു. സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് ‘സിൽക്ക്’. അതിനുശേഷം വിജയലക്ഷ്മി സിൽക്ക് സ്മിതയായി.

‘വണ്ടിച്ചക്രം’ അവളെ പ്രശസ്തിയിലേക്കുയർത്തി. ശങ്കർ-ഗണേശ് സംഗീതത്തിൽ എസ്.പി.ബി. പാടിയ “വാ മച്ചാ” എന്ന പാട്ടിൽ നൃത്തം ചെയ്തതിലൂടെ സ്മിത ജനശ്രദ്ധ നേടി. പിന്നീട് വന്ന ‘മൂണ്ട്രു മുഖം’ (1982) സിനിമയാണ് അവളെ ‘സെക്സ് സിംബൽ’യായി മുദ്രകുത്തിയത്. രജനീകാന്തിന്റെ ‘അലക്സ് പാണ്ട്യൻ’ കഥാപാത്രം ആരാധകരെ വിറപ്പിച്ചപ്പോൾ, വെറും അഞ്ചു മിനിറ്റ് മാത്രം പ്രത്യക്ഷപ്പെട്ട സ്മിതയുടെ രംഗങ്ങൾ പോലും തിയേറ്ററുകൾ ഇളക്കി മറിച്ചു. പിന്നീട് തേടിയെത്തിയ കഥാപാത്രങ്ങളിലൊന്നും അവളാഗ്രഹിച്ച മുഖങ്ങൾ കടന്നു വന്നില്ല. പ്രണയ പരവശമുള്ള നായികയോ, കുടുംബ ശ്രദ്ധയുള്ള ഭാര്യയോ ഒന്നും അവളിലേക്കെത്തിയില്ല. ‘ഐറ്റം നമ്പർ’, കാബറേ, നായകനെ വഴിതിരിച്ചുവിടാൻ ഉപയോഗിക്കുന്ന സ്ത്രീ കഥാപാത്രം എന്നിങ്ങനെ ഉടലഴകിലേക്ക് നീളുന്ന ക്യാമറ കണ്ണുകളിലേക്കും, പുരുഷ നോട്ടങ്ങളിലേക്കും അവളുടെ സ്‌ക്രീൻ ജീവിതം ഒതുങ്ങിപോയി . പ്രണയത്തിന്റെയും ദാഹത്തിന്റെയും പ്രതീകമായി, ആയിരക്കണക്കിന് പുരുഷനോട്ടങ്ങളുടെ ഇരയായി, സ്മിതയെ സിനിമ തടവിലാക്കി.

450-ലധികം സിനിമകളിൽ അഭിനയിച്ചിട്ടും, സ്മിതയ്ക്ക് അഭിനയശേഷി തെളിയിക്കാനായ അവസരങ്ങൾ വിരലിലെണ്ണാവുന്നതായിരുന്നു. ഭാരതിരാജയുടെ ‘അലൈഗൾ ഓയ്‌വതില്ലൈ’യിലെ കഥാപാത്രത്തിലും, ബാലു മഹേന്ദ്രയുടെ ‘മൂണ്ട്രാം പിറൈ’യിലെ ചില രംഗങ്ങളിലുമാണ് ഒരു നടിയായുള്ള അവളുടെ കഴിവ് തെളിഞ്ഞത്. എന്നാൽ സിനിമാ വ്യവസായം അവളെ ‘സെക്സ് ബോംബ്’ എന്ന ഇമേജിൽ നിന്ന് ഒരിക്കലും പുറത്തുകൊണ്ടുവന്നില്ല. 1984-ൽ ഫിലിംഫെയറിനോട് സംസാരിക്കുമ്പോൾ അവൾ പറഞ്ഞ വാക്കുകൾ ഇന്നും കരളിലിയിക്കുന്നതാണ്.

“സാവിത്രി, സുജാത, സരിത പോലെയുള്ള സ്വഭാവനടിയാകാനായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ‘വണ്ടിച്ചക്രം’ കഴിഞ്ഞ് എല്ലാവരും അതേ തരത്തിലുള്ള വേഷങ്ങൾ മാത്രമാണ് എനിക്ക് നൽകിയത്. ഞാനൊരു നടിയായോ എന്നെനിക്കറിയില്ല. പക്ഷെ ഞാനൊരിക്കലും ഞാനായിരുന്നില്ല”. സിൽക്ക് പറഞ്ഞു.

മലയാള സിനിമയും സ്മിതയുടെ മേനിയഴകിനെയാണ് കൂടുതലായി പ്രാധാന്യം നൽകിയത്. മമ്മൂട്ടിയോടൊപ്പം ‘അഥർവ’യിലും, മോഹൻലാലിനൊപ്പം ‘സ്ഫടിക’ത്തിലും അവൾ അഭിനയിച്ചു. “പുഴയോരത്ത്” , “ഏഴിമല പൂഞ്ചോല” പോലുള്ള ഗാനങ്ങളിലൂടെ അവളുടെ നൃത്തം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പക്ഷേ, ഇതിലും അവൾക്കുള്ള സ്ഥാനം “ഗ്ലാമർ ആകർഷണം” മാത്രമായിരുന്നു.

സ്മിതയുടെ ജീവിതം വെറും ക്യാമറയുടെ പ്രകാശത്തിൽ മാത്രം അല്ല, മറുവശത്ത് ഇരുട്ടും ഒറ്റപ്പെട്ടതുമായൊരു ലോകം കൂടി ഉണ്ടായിരുന്നു. എല്ലാവരും അവളെ ശരീരത്തിന്റെയും സുന്ദര്യത്തിന്റെയും കണ്ണുകളിലൂടെയാണ് കണ്ടത്; ഒരാളും അവളെ ഒരു മനുഷ്യിയായി സ്‌നേഹിച്ചില്ലെന്ന് അവൾ പലപ്പോഴും പറഞ്ഞിരുന്നു. 1996 സെപ്റ്റംബർ 23-ന് ചെന്നൈയിലെ വസതിയിൽ അവളെ മരിച്ച നിലയിൽ കണ്ടെത്തി. തലേദിവസം സുഹൃത്തിനോട് “എനിക്ക് അസ്വസ്ഥതയുണ്ട്” എന്ന് പറഞ്ഞെങ്കിലും, ആരും അതിനെ ഗൗരവമായി എടുത്തിരുന്നില്ല. ആത്മഹത്യ കുറിപ്പിൽ അവൾ എഴുതി വെച്ച വാക്കുകൾ ഏതൊരു കാലത്തിന്റെയും സമൂഹത്തിന്റെ കണ്ണാടിപോലെയാണ്:

“ഒരു നടിയാകാൻ ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ. ആരും എന്നെ സ്നേഹിച്ചില്ല.എല്ലാവരും എന്നെ ചൂഷണം ചെയ്തു. എനിക്ക് ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളുണ്ട്. അതെല്ലാം നിറവേറ്റണമെന്നുണ്ട്. പക്ഷേ ഞാൻ എവിടെ പോയാലും എനിക്ക് സമാധാനമില്ല. എല്ലാവരും എന്നെ അസ്വസ്ഥയാക്കുന്നു. അതുകൊണ്ടാകാം മരണം എന്നെ മോഹിപ്പിക്കുന്നത്….” സിൽക്ക് കുറിച്ചു.

അതിലെ ഓരോ അക്ഷരങ്ങളും ഇന്നും സമൂഹത്തിനോടുള്ള ചോദ്യമാണ്?. ഏതൊരു സ്ത്രീയെയും പോലെ ജീവിക്കാനുള്ള അവകാശം തനിക്കുണ്ടായിരുന്നില്ലേ എന്ന ചോദ്യം. ഇന്ന്, 29 വർഷങ്ങൾ കഴിഞ്ഞിട്ടും സിൽക്ക് സ്മിതയുടെ പേര് ഇപ്പോഴും ചർച്ചകളിൽ നിലനിൽക്കുന്നു. സിനിമയിലെ സ്ത്രീകളെ കാണുന്ന പുരുഷ നോട്ടത്തിന്റെ പ്രതീകമായി, ‘ഐറ്റം നമ്പറുകൾ’ എന്ന പരമ്പരാഗത കുടുക്കിന്റെ പ്രതിനിധിയായി, സ്മിതയെക്കുറിച്ചുള്ള ചര്‍ച്ചകൾ ഇന്നും തുടരുന്നു. ഒരു സ്ത്രീയുടെ കഴിവ് കാണാതെ, അവളെ ശരീരത്തിന്റെ മോഹനീയതയിൽ മാത്രം ഒതുക്കുമ്പോൾ, സമൂഹം തന്നെ എന്താണ് നഷ്ടപ്പെടുത്തുന്നത്.? സിനിമയിലെ നായികകൾക്ക് ഇന്നും ‘ഗ്ലാമർ’ എന്ന മുദ്ര പതിപ്പിക്കുന്ന നമ്മുടെ സമീപനം എത്രമാത്രം മാറി?. അവൾ ബാക്കി വെച്ച ശൂന്യതയിൽ ഇന്നും മരവിച്ച് കിടക്കുന്ന ചോദ്യങ്ങളാണിത്.

സിൽക്ക് സ്മിത ഒരു സിനിമാനടിയല്ല, ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്. അവളുടെ കണ്ണുകളിൽ നിറഞ്ഞിരുന്ന ആ ദാഹവും, ഒറ്റപ്പെട്ട വേദനയും, ഇന്നും നമ്മെ ചോദ്യം ചെയ്യുന്നു. സിനിമയുടെ തിളക്കവും താളവും പിന്നിൽ, മനുഷ്യന്റെ മനസിന്റെ അധർമ്മങ്ങളെ തുറന്നു കാണിച്ച ജീവിതമാണ് സ്മിതയുടെത്. സ്മിതയെക്കുറിച്ച് പറയുമ്പോൾ, അവളുടെ അവസാന വരികൾക്കപ്പുറം ചിന്തിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ കണ്ണുകളെയാണ്. സിൽക്ക് സ്മിത നമ്മോട് പറയുന്നു – “നിങ്ങളുടെ നോക്കുകൾ തന്നെയാണ് എന്റെ മരണത്തിന്റെ ഉത്തരവാദി”.