
സിലമ്പരശൻ–വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന എറ്റവും പുതിയ ചിത്രത്തിന് വേണ്ടി വമ്പൻ ട്രാൻസ്ഫോർമേഷൻ നടത്തി നടൻ സിലമ്പരശൻ. ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചിത്രത്തിനായി സിമ്പു പത്ത് കിലോ ഭാരം കുറച്ചെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. വെറും പത്ത് ദിവസം കൊണ്ടാണ് നടൻ തന്റെ ശരീരഭാരം കുറച്ചത്. ചിത്രത്തിൽ നടന്റെ ചെറുപ്പകാലത്തെ ഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതിന് വേണ്ടിയാണ് നടന്റെ ഈ ട്രാൻസ്ഫോർമേഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോ ടീസറിന്റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞിരുന്നു. വലിയ ബജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, വടചെന്നൈയിൽ സംവിധായകൻ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ക്രീന്‍ ടൈം ചെറുതായിരുന്നെങ്കിലും സിനിമയിലെ രാജന്റെ ഭാഗങ്ങൾ കയ്യടി നേടിയിരുന്നു. തുടർന്ന് രാജൻ എന്ന കഥാപാത്രത്തിനെ പശ്ചാത്തലമാക്കി ഒരു സ്പിൻ ഓഫ് സിനിമ വരുമെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഇപ്പോൾ ഈ ചിത്രമാണ് സിലമ്പരശനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്.